ഡൽഹി: ദില്ലിയിലെ സിജെപി പ്രക്ഷോഭത്തിൻ്റെ പശ്ചാത്തലത്തില്‍ വിദ്യാർത്ഥികള്‍ക്ക് മാർഗ്ഗനിർദ്ദേശവുമായി ജവഹർലാല്‍ നെഹ്റു സർവ്വകലാശാലയും രംഗത്ത്.
ദില്ലിയിലും ജന്തർ മന്തിറിലും ഉള്ള പ്രതിഷേധങ്ങളില്‍ നിന്ന് വിദ്യാർത്ഥികള്‍ വിട്ടു നില്‍ക്കണമെന്നും സമൂഹമാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യണമെന്നും സർവ്വകലാശാല നിർദേശം നല്കി. ഇത് ലംഘിക്കുന്നവർക്കെതിരെ നിയമനടപടിയും അച്ചടക്ക നടപടിയും സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നേരത്തെ, ഡല്ഹിസർവ്വകലാശാലയും സമാനമായി മാർഗ്ഗനിർദ്ദേശം പുറത്ത് ഇറക്കിയിരുന്നു.
അതേസമയം, ദില്ലിയിലെ സിജെപി സമരത്തെ തുടർന്ന് 200 പേരെ പൊലീസ് കരുതല്‍ കസ്റ്റഡിയിലാക്കി. ദില്ലിയിലെ വിവിധ ജില്ലകളില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. സമരത്തിന് കുരുമുളക് സ്പ്രേയുമായി അടക്കം എത്തിയവരാണ് കസ്റ്റഡിയിലായത്. ഇതില്‍ ഗുണ്ടാസംഘങ്ങളും ഉള്‍പ്പെടുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. യുപി, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്ന് എത്തിയ വിദ്യാർത്ഥികള്‍ അല്ലാത്തവരാണ് കസ്റ്റഡിയിലുള്ളതെന്നും പൊലീസ് അറിയിച്ചു.17 മെട്രോ സ്റ്റേഷനുകള്‍ ഇന്ന് രാവിലെ ഏഴര മുതല്‍ അടച്ചു.
അതേസമയം, സിജെപി- സർക്കാർ ചർച്ച ഇന്ന് നടന്നേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. വേദിയുടെ കാര്യത്തില്‍ തീരുമാനം ഉടനുണ്ടായേക്കും. കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബില്‍ വെച്ച് ചർച്ച നടന്നേക്കുമെന്നാണ് വിവരം. ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ ജന്തർ മന്തറിലെ പ്രതിഷേധം തുടരുമെന്നാണ് സിജെപി നിലപാട്.
ദ്രുതകർമ്മ സേന പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിച്ചുവെന്ന മെഡിക്കല്‍ റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. മാധ്യമ പ്രവർത്തകൻ അടക്കം മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അന്വേഷണത്തിന് സിആർപിഎഫ് നിർദ്ദേശം നല്കി. വിദ്യാർത്ഥി സമരത്തിന് നേരെ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കരുതെന്ന് നിർദ്ദേശം നല്‍കിയെന്നാണ് വിവരം. പരിക്കേറ്റവർ ചികിത്സയില്‍ തുടരുകയാണ്. പ്രദേശത്ത് ഇൻ്റർനെറ്റ് നിയന്ത്രണം തുടരുന്നുണ്ട്.






