ന്യൂഡൽഹി : രാജ്യ തലസ്ഥാനത്ത് സിജെപി നടത്തിയ സമരത്തെ നേരിട്ടതിൽ ഗുരുതര വീഴ്ചയെന്ന് ആർഎഎഫ് വിലയിരുത്തൽ. പെല്ലറ്റ് ഗണ്ണോ ഇലക്ട്രിക് ഷോക്കോ പ്രയോഗിക്കേണ്ട സാഹചര്യം സിജെപിയുടെ പാർലമെന്റ് മാർച്ചിലില്ലായിരുന്നുവെന്നാണ് സേനയുടെ ആഭ്യന്തര അവലോകനത്തിലെ കണ്ടെത്തൽ. സേനാംഗങ്ങളും സ്വയം സുരക്ഷയ്ക്കുളള മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ആർഎഫ്എഫ് വിലയിരുത്തി.
മാർച്ചിനെ നിയന്ത്രിക്കാൻ വിന്യസിച്ച ഉദ്യോഗസ്ഥർക്ക് മതിയായ നിർദ്ദേശങ്ങൾ നൽകിയില്ലെന്നും കണ്ടെത്തലുണ്ട്. സേനാംഗങ്ങൾ പലരും സ്വയം സുരക്ഷയ്ക്കുള്ള മാനദണ്ഡങ്ങളും പാലിച്ചില്ല. ഇതേ തുടർന്ന് ഇനി ഒരു നിർദേശം ഉണ്ടാകുന്നത് വരെ പെല്ലറ്റ് ഗൺ അടക്കം ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.
ദ്രുത കർമ്മ സേനയുടെ പ്രവർത്തനത്തെ കുറിച്ച് പ്രൊഫഷണൽ വിലയിരുത്തലുണ്ടാകുമെന്ന് സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര പ്രതാപ് സിങും വ്യക്തമാക്കി. മാധ്യമപ്രവര്ത്തകന് ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പെല്ലറ്റ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. കല്ലേറിൽ സേനാംഗങ്ങൾക്കും പരിക്കേറ്റു. അതേസമയം സമരത്തിനിടെ പരിക്കേറ്റ ആർഎംഎൽ ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയുടെ നില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി വൃത്തങ്ങളറിയിച്ചു.






