തിരുവനന്തപുരം: മുതലപ്പൊഴിയിൽ കായലിൽ വീണ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ട് കാണാതായ അഞ്ചുതെങ്ങ് സ്വദേശി പ്രവീൻ എന്ന് വിളിക്കുന്ന തോമസിൻ്റെ (37) മൃതദേഹമാണ് കണ്ടെത്തിയത്.
മുതലപ്പൊഴി താഴംപള്ളി ലേലഹാളിന് സമീപം കായലിൽ മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരം 5:30 ഓടെയായിരുന്നു അപകടം. ആന്റണി അൽഫോൺസിന്റെ വള്ളത്തിൽ നിന്നാണ് പ്രവിൻ കായലിൽ വീണത്.
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ അഴിമുഖം കടന്ന് കായലിൽ പ്രവേശിക്കുമ്പോൾ അപസ്മാരം ഉണ്ടാകുകയും തുടർന്ന് കായലിലേക്ക് വീഴുകയുമായിരുന്നു.
അതേസമയം, അഞ്ചുതെങ്ങ് സ്വദേശി ഷിജിൻ, പുല്ലുവിള സ്വദേശി ജോൺ മത്യാസ്, താഴംപള്ളി കായലിൽ കാണാതായ പ്രവിൻ എന്നിവർക്കായുള്ള തിരച്ചിൽ തുടരും.
തീരസംരക്ഷണസേന, മറൈൻ എൻഫോസ്മെന്റ്, കോസ്റ്റൽ പൊലീസ്, സ്കൂബ സംഘം എന്നിവരാകും വിവിധ മേഖലകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുക.
കാണാതായവരെ കണ്ടെത്താൻ എല്ലാവിധ സർക്കാർ പിന്തുണയും വാഗ്ധാനം ചെയ്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഫിഷറീസ് മന്ത്രി വി.ഇ അബ്ദുൽ ഗഫൂർ എന്നിവർ കഴിഞ്ഞ ദിവസം തീരമേഖലയിൽ സന്ദർശനം നടത്തിയിരുന്നു. തിരച്ചിൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും.
അതേസമയം, മുതലപ്പൊഴിയില്‍ അപകടത്തില്‍പെട്ട് കാണാതായ അഞ്ചുതെങ്ങ് കൊച്ചുമേത്തന്‍കടവ് ഷെക്കേന ഭവനില്‍ ഷിജിനെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യവുമായി കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
രക്ഷാപ്രവര്‍ത്തനത്തില്‍ തുടക്കത്തിൽ വീഴ്ചയുണ്ടായെന്നാണ് കുടുംബം ആരോപിക്കുന്നത്. അപകടസമയത്തെ ഒഴുക്ക് തെക്ക് ദിശയിലേക്കായതിനാല്‍ മുങ്ങല്‍വിദഗ്ധര്‍ വേളി, പള്ളിത്തുറ, തുമ്പ തീരങ്ങളില്‍ വ്യോമ-ജല മാര്‍ഗങ്ങളിലൂടെ പരിശോധനകള്‍ നടത്തിയിരുന്നു.
ബന്ധുക്കള്‍ സ്വന്തം നിലയില്‍ സ്കൂബ ഡൈവിങ് ടീമിനെ കൊണ്ടുവന്ന് തിരച്ചില്‍ നടത്താന്‍ ശ്രമിച്ചപ്പോള്‍ വിവിധ പേപ്പറുകളില്‍ ഒപ്പിട്ടുനല്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നിരുന്നു. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ പരാതിയും ഉന്നയിച്ചിരുന്നു.






