പത്തനംതിട്ട : ലോറിയില്‍ തടി കയറ്റുന്നതിനിടെ തടികഷ്ണം ശരീരത്തിലേക്ക് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. കുളത്തുപ്പുഴ ചോഴിയക്കോട് തകരമണ്‍ പൂവണത്തുമൂട് ഉന്നതി സ്വാദേശി സാംബൻ(46) ആണ് മരിച്ചത്. അടൂർ കണ്ണങ്കോട് ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്ന മരങ്ങള്‍ മുറിച്ച് ലോറിയില്‍ കയറ്റുന്നതിനിടെയായിരുന്നു അപകടം.
അപ്രതീക്ഷിതമായ് തടി കഷ്ണങ്ങളില്‍ ഒന്ന് തെറിച്ച് സാമ്പന്റെ ദേഹത്തു പതിക്കുകയായിരുന്നു. നിലത്ത് വീണ സാംബനെ ഒപ്പം ഉണ്ടായിരുന്ന തൊഴിലാളികള്‍ ചേർന്ന് ഉടൻ തന്നെ അടൂരിലെ സ്വാകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ജീവൻ രക്ഷിക്കാൻ ആയില്ല.
വയോധികയായ അമ്മയും ഭാര്യയും 3 മക്കളും അടങ്ങിയ നിർധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സാംബൻ. സുനിതയാണ് ഭാര്യ. ശ്യാം, ശരത്, ശരണ്‍എന്നിവർ മക്കളാണ്.






