തിരുവനന്തപുരം:
ശബരിമലയിലെ കട്ടിളപ്പാളിയിലും ദ്വാരപാലക ശില്പ്പത്തിലും നിന്ന് സ്വർണം വേർതിരിച്ചെടുക്കാൻ 'സ്ട്രിപ്പിങ് സോള്‍ട്ട്' എന്ന രാസവസ്തുവാണ് ഉപയോഗിച്ചതെന്ന് ശാസ്ത്രീയ പരിശോധനാഫലത്തിലൂടെ സ്ഥിരീകരിച്ചു. അടുത്ത ആഴ്ച ഹൈക്കോടതിയില്‍ സമർപ്പിക്കുന്ന അന്തിമ കുറ്റപത്രത്തില്‍ പ്രത്യേക അന്വേഷണ സംഘം ഈ നിർണായക വിവരം ഉള്‍പ്പെടുത്തിയേക്കും.
ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസില്‍ നിന്ന് ശേഖരിച്ച സ്ട്രിപ്പിങ് സോള്‍ട്ടിന്റെ സാമ്പിള്‍ ജംഷഡ്പൂരിലെ ലബോറട്ടറിയില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. കേസില്‍ സ്മാർട്ട് ക്രിയേഷന്റെ പങ്ക് തെളിയിക്കുന്നതില്‍ ഈ പരിശോധനാ ഫലം നിർണായകമാകും. കട്ടിളപ്പാളി മറ്റാർക്കും കൈമാറിയിട്ടില്ലെന്നും ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്
സ്വർണം വേർതിരിക്കാൻ മെർക്കുറിയും മറ്റ് രാസലായനികളും ഉപയോഗിച്ചതുമൂലം പാളിയുടെ ഘടനയില്‍ മാറ്റം സംഭവിച്ചതായി ലബോറട്ടറി ഉദ്യോഗസ്ഥർ എസ്ഐടിക്ക് നേരിട്ട് മൊഴി നല്‍കിയിട്ടുണ്ട്. കൂടാതെ, ഇതിനായി ഉപയോഗിച്ച രാസവസ്തുക്കള്‍ മുംബൈയില്‍ നിന്നാണ് വാങ്ങിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. കേസില്‍ ഇതുവരെ 430 പേരുടെ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജംഷഡ്പൂർ ലാബിലെ വിദഗ്ധരും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും കേസില്‍ സാക്ഷികളാകുമെന്നാണ് വിവരം. കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പം എന്നീ രണ്ട് കേസുകളിലും ഉണ്ണിക്കൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം സമർപ്പിക്കണമെന്ന് കഴിഞ്ഞ മാസം ഹൈക്കോടതി നിർദ്ദേശം നല്‍കിയിരുന്നു.






