തിരുനെല്‍വേലി: പള്ളിയില്‍ സംഗീതം പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത നാലു പെണ്‍കുട്ടികളെ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സുവിശേഷ പ്രസംഗകന് വധശിക്ഷ.
തിരുനെല്‍വേലി തേവർകുളം സ്വദേശി എസ്. അബ്രഹാമിനെയാണ് (47) പോക്സോ സ്പെഷ്യല്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. നാലു പെണ്‍കുട്ടികള്‍ക്കും 10 ലക്ഷം രൂപ വീതം പിഴത്തുക നല്‍കാനും കോടതി ഉത്തരവിട്ടു.
കേസിന്റെ തുടക്കം ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തലിലൂടെയായിരുന്നു. 2022-ല്‍ പള്ളിയില്‍ മ്യൂസിക് ക്ലാസിന് പോയിരുന്ന എട്ടുവയസ്സുകാരിയെ അബ്രഹാം പള്ളിക്ക് സമീപത്തെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. കുട്ടി സംഭവം അമ്മയോട് പറഞ്ഞതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മ്യൂസിക് ക്ലാസിന് എത്തിയിരുന്ന മറ്റ് മൂന്ന് പെണ്‍കുട്ടികളും സമാനമായ രീതിയില്‍ പീഡനത്തിനിരയായതായി കണ്ടെത്തിയത്.
2020-ലെ കോവിഡ് കാലം മുതല്‍ 2022 വരെയുള്ള കാലയളവിലാണ് പ്രതി കുട്ടികളെ പീഡിപ്പിച്ചതെന്നാണ് പോലീസ് കണ്ടെത്തിയത്. സംഭവം പുറത്തുപറയരുതെന്ന് കുട്ടികളെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.
എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 2022-ല്‍ തന്നെ അബ്രഹാം അറസ്റ്റിലായിരുന്നു. എന്നാല്‍ കേസ് ഏറെക്കാലം മന്ദഗതിയിലായിരുന്നു. 2026-ല്‍ എ.എസ്.പി. കെ. ഷണ്മുഖം അന്വേഷണം ഏറ്റെടുത്തതോടെയാണ് നടപടികള്‍ വേഗത്തിലായത്. തുടർന്ന് കുറ്റപത്രം സമർപ്പിക്കുകയും തിരുനെല്‍വേലി പോക്സോ കോടതിയില്‍ വിചാരണ ആരംഭിക്കുകയും ചെയ്തു.
വെറും ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കി കോടതി ശിക്ഷ വിധിച്ചു. പീഡനത്തിനിരയായ നാലു കുട്ടികളും അവരുടെ രക്ഷിതാക്കളും കോടതിയില്‍ കൃത്യമായി മൊഴി നല്കി. ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷൻ ശക്തമായി ഹാജരാക്കിയ തെളിവുകളും കേസില്‍ നിർണായകമായി.
സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ പി. ഉഷയാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്.പള്ളിയിലെ സംഗീതപഠനം മറയാക്കി കുട്ടികളെ ലക്ഷ്യമിട്ടെന്ന ആരോപണം, വർഷങ്ങള്‍ക്കിപ്പുറം അതിവേഗ വിചാരണ, ഒടുവില്‍ വധശിക്ഷ കേസില്‍ കോടതി സ്വീകരിച്ച ശക്തമായ നിലപാട് വലിയ ചർച്ചയാകുകയാണ്.






