കൊച്ചി:വ്യാജ ആധാർ കാർഡ് ഉപയോഗിക്കുന്ന വിദേശികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ബോംബെ ഹൈക്കോടതി. വിദേശ പൗരന്മാരെ കണ്ടെത്തി നാടുകടത്താൻ കേന്ദ്ര-സംസ്ഥാന ഏജൻസികള്‍ ഏകോപിച്ച് നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
രണ്ട് വ്യത്യസ്ത ഉത്തരവുകളിലാണ് ജസ്റ്റിസുമാരായ എ.എസ്. ഗഡ്കരിയും കമല്‍ ഖാതയും ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. അനധികൃത നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം.
വിദേശ പൗരന്മാർ അനധികൃതമായി ഇന്ത്യയിലെത്തിയ ശേഷം വ്യാജരേഖകളിലൂടെ തിരിച്ചറിയല്‍ രേഖകള്‍ സ്വന്തമാക്കുകയും പിന്നീട് ആധാർ കാർഡ് നേടുകയും ചെയ്യുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടതായി കോടതി പറഞ്ഞു. യഥാർഥ വ്യക്തിത്വം മറച്ചുവെച്ച് ഇന്ത്യൻ പൗരന്മാരാണെന്ന് അവകാശപ്പെടാൻ ഇത്തരം രേഖകള്‍ ഉപയോഗിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി.
വ്യാജ രേഖകള്‍ സ്വന്തമാക്കിയ ചിലർ രാജ്യവിരുദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടതായി അന്വേഷണ ഏജൻസികള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. തിരിച്ചറിയല്‍രേഖ പരിശോധന, കുടിയേറ്റ നിയന്ത്രണം, രാജ്യസുരക്ഷ എന്നിവയിലെ പോരായ്മകളിലേക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നതെന്ന് കോടതി പറഞ്ഞു. വ്യാജ മാർഗങ്ങളിലൂടെ ലഭിച്ച ആധാർ കാർഡുകള്‍ ഈ സംവിധാനങ്ങളില്‍ വ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അടിയന്തരമായി നടപടി ആവശ്യമാണെന്നും കോടതി വ്യക്തമാക്കി
ഇത്തരം വിദേശ പൗരന്മാരെ മുൻഗണനാടിസ്ഥാനത്തില്‍ കണ്ടെത്തി നാടുകടത്താൻ കേന്ദ്ര-സംസ്ഥാന ഏജൻസികള്‍ കൂട്ടായ ശ്രമം നടത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
വ്യാജ മാർഗങ്ങളിലൂടെ ആധാർ കാർഡ് നേടിയെന്നാരോപിക്കുന്ന വിദേശ പൗരന്മാരുമായി ബന്ധപ്പെട്ട രണ്ട് കേസുകളാണ് കോടതി പരിഗണിച്ചത്. ഒരു കേസില്‍, അഫ്ഗാൻ പൗരൻ ടൂറിസ്റ്റ് വിസയുടെ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയില്‍ തുടരുകയും പിന്നീട് ഇന്ത്യൻ പൗരത്വം അവകാശപ്പെടുന്നതിനായി ആധാർ കാർഡ് സ്വന്തമാക്കുകയും ചെയ്തെന്നാണ് ആരോപണം.
ബംഗ്ലാദേശ് പൗരൻ വ്യാജ പേര് ഉപയോഗിച്ച് നിയമവിരുദ്ധമായി ആധാർ കാർഡ് നേടിയെന്നാണ് ആരോപണം. സംഭവങ്ങള്‍ ഗുരുതരമായ സുരക്ഷാ ആശങ്കകള്‍ ഉയർത്തുന്നതാണെന്നും കാലതാമസം കൂടാതെ നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. അനധികൃത നുഴഞ്ഞുകയറ്റവും വ്യാജ തിരിച്ചറിയല്‍ രേഖകള്‍ സ്വന്തമാക്കിയതും സംബന്ധിച്ച അന്വേഷണങ്ങളുടെ ഭാഗമായാണ് മഹാരാഷ്ട്ര സർക്കാർ ഈ വിവരങ്ങള്‍ ആവശ്യപ്പെട്ടത്.
രാജ്യാതിർത്തികളിലൂടെയുള്ള അനധികൃത നുഴഞ്ഞുകയറ്റം തടയുന്നതിനൊപ്പം വ്യാജ ആധാർ കാർഡുകള്‍ കൈവശമുള്ള വിദേശ പൗരന്മാരെയും വ്യാജരേഖകളുടെ അടിസ്ഥാനത്തില്‍ യഥാർത്ഥ ആധാർ കാർഡ് നേടിയവരെയും കണ്ടെത്തണമെന്നും കോടതി നിർദേശിച്ചു.
ഇത്തരം വ്യക്തികള്‍ക്കെതിരെ ഉടൻ നാടുകടത്തല്‍ നടപടികള്‍ ആരംഭിക്കാനും കോടതി നിർദേശിച്ചു. വ്യാജരേഖകളിലൂടെ ആധാർ കാർഡ് നേടിയ വിദേശ പൗരന്മാരെ വേഗത്തില്‍ കണ്ടെത്താനും നാടുകടത്താനും സാധിക്കുന്ന തരത്തില്‍ ആധാർ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനെ കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കണമെന്നും ബോംബെ ഹൈക്കോടതി അറിയിച്ചു






