.തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിന്‍ യാത്രയ്ക്കിടെ 16-കാരിയായ പെണ്‍കുട്ടിക്ക് നേരെ വീണ്ടും ലൈംഗികാതിക്രമം.
രാജ്യറാണി എക്സ്പ്രസില്‍ തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു സംഭവം. അതിക്രമം നടത്തിയ വര്‍ക്കല ഇടവ സ്വദേശി അരവിന്ദിനെ (22) റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചേച്ചിയുടെ വിദ്യാഭ്യാസ-അഡ്മിഷന് ആവശ്യത്തിനായി കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെയാണ് അതിക്രമമുണ്ടായത്. ട്രെയിനിലെ ശുചിമുറിയില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെ പ്രതി പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. ഭയന്നുപോയ പെണ്‍കുട്ടി ഉടന്‍തന്നെ ബഹളം വച്ചതോടെ ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളും മറ്റ് യാത്രക്കാരും ഓടിയെത്തി അരവിന്ദിനെ പിടികൂടി റെയില്‍വേ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
വയനാട്ടിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്ന അരവിന്ദ്, സ്ഥലംമാറ്റം ലഭിച്ച് തിരുവനന്തപുരത്തേക്ക് ജോലിക്കായി വരുന്നതിനിടെയാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത പ്രതിയെ റെയില്‍വേ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
അതേസമയം, ട്രെയിന്‍ യാത്രക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തലസ്ഥാനത്ത് തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ ദിവസവും തിരുവനന്തപുരം പേട്ട സ്റ്റേഷനില്‍ വെച്ച് ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്നിരുന്നു. അന്ന് ട്രെയിനില്‍ നിന്നിറങ്ങിയ യുവതിയെ പ്രതി ആക്രമിക്കുകയും ചെയ്തിരുന്നു. ആ സംഭവത്തില്‍ ആറ്റിങ്ങല്‍ സ്വദേശി വിജേഷിനെയാണ് പൊലീസ് പിടികൂടിയത്.





