കോട്ടയം: നഗരസഭയിൽ നാട്ടുകാർക്ക് ഒരു നിയമവും കണ്ടത്തിൽ ലോഡ്ജ് മുതലാളിക്ക് മറ്റൊരു നിയമവുമാണ്.
തിരുനക്കര ക്ഷേത്രത്തിന് പുറകിലുള്ള കണ്ടത്തിൽ ബിൽഡിംഗിൽ അവധി ദിവസം നോക്കി റോഡിനോട് ചേർന്ന് അനധികൃത സെപ്റ്റിക് ടാങ്ക് നിർമ്മാണം നടത്തുകയാണ്.
ഈ കെട്ടിടത്തിലെ സെപ്റ്റിക് ടാങ്ക് മാലിന്യമടക്കമുള്ളവ പൈപ്പ് വഴി എത്തിച്ച് ഓടയിലേക്ക് ഒഴുക്കുയാണെന്ന് ദൃശ്യങ്ങൾ സഹിതം തേർഡ് ഐ ന്യൂസ് റിപ്പോർട്ട് ചെയ്യുകയും നഗരസഭയിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സ്ഥലം സന്ദർശിച്ച നഗരസഭാ ആരോഗ്യ വിഭാഗം പരാതിയിലെ ആരോപണം ശരിവെക്കുകയും മാലിന്യമൊഴുക്കുന്നത് നിർത്തിവെയ്ക്കാനും ആവശ്യപ്പെട്ടുകൊണ്ട് കെട്ടിട ഉടമയ്ക്ക് നോട്ടീസ് നൽകി.
ഇതിന് പിന്നാലെയാണ് പൂജാ അവധി ദിവസം നഗരസഭയിലെ ഉദ്യോഗസ്ഥർ ഉണ്ടാകില്ലെന്ന് മനസിലാക്കി ജെസിബിയുമായി മുതലാളിയെത്തി സെപ്റ്റിക് ടാങ്കിന് കുഴി എടുക്കാൻ തുടങ്ങിയത്. റോഡ് അതിരിൽ നിന്നും 3 മീറ്റർ മാറി കുഴി എടുക്കണമെന്നും, ഇത്തരത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് നഗരസഭയിൽ നിന്നും പെർമിറ്റ് എടുക്കണമെന്നുമുള്ള ചട്ടങ്ങൾ മറികടന്ന് യാതൊരു പെർമിറ്റുമില്ലാതെയും റോഡിൽ നിന്നും അര മീറ്റർ പോലും അകലം പാലിക്കാതെയും അനധികൃത നിർമ്മാണം നടത്തുന്നത്.
വിവരം ശ്രദ്ധയിൽ പെട്ട തേർഡ് ഐ ന്യൂസ് അധികൃതർ അനധികൃത സെപ്റ്റിക് ടാങ്ക് നിർമാണം സംബന്ധിച്ച് നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി.






