ധനുഷ്, മമ്മൂട്ടി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഓം എന്ന തമിഴ് ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറക്കി . ധനുഷിനേയും മമ്മൂട്ടിയേയും വീഡിയോയിൽ കാണാം. വീഴാ..വീരാ.. എന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് സായ് അഭ്യങ്കർ ആണ്. ടിപ്പു, സായ് അഭ്യങ്കർ എന്നിവർ ചേർന്നാണ് അരുൺ ശ്രീനിവാസൻ രചിച്ച ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം നവംബർ 20ന് തിയറ്ററുകളിൽ എത്തും.
അമരന് ഒരുക്കിയ രാജ്കുമാര് പെരിയസാമി ആണ് ഓം ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ഓം ഒക്ടോബര്‍ 16ന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ജയിലര്‍ 2വിന്റെ റിലീസ് പ്രമാണിച്ച് ഓമിന്റെ റിലീസ് മാറ്റുകയായിരുന്നു. ജയിലര്‍ 2 ഒക്ടോബര്‍ 15നായിരുന്നു തിയറ്ററുകളില്‍ എത്തിയത്. മമ്മൂട്ടി ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഓം. ധനുഷ് നായകനാവുന്ന ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു വേഷത്തിലാണ് മമ്മൂട്ടിയും എത്തുന്നത്.
ധനുഷിനും മമ്മൂട്ടിയ്പ്പും പുറമെ നസീറുദ്ദീന്‍ ഷായും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും നസീറുദ്ദീന്‍ ഷായും ഒരുമിച്ച് ചിത്രത്തിൽ അഭിനയിക്കുന്നത്. മമ്മൂട്ടി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 1994 ല്‍ എത്തിയ പൊന്തന്മാടയില് നസീറുദ്ദീന്‍ ഷായും അഭിനയിച്ചിരുന്നു . എട്ട് വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രമാണ് ഓം. 2018 ൽ റാം ഒരുക്കിയ 'പേരന്പ്' എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴിൽ എത്തിയത്.






