ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് ബൈക്ക് അപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെന്ന വ്യാജേന എത്തി കഴുത്തിൽ കിടന്ന സ്വർണ്ണമാല കവർന്ന് രക്ഷപ്പെട്ട പ്രതിയെ അമ്പലപ്പുഴ പോലീസ് മണിക്കൂറുകൾക്കകം അതിസാഹസികമായി പിടികൂടി. പുന്നപ്ര തെക്ക് പഞ്ചായത്ത് സ്വദേശിയായ അഷ്കറാണ് പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാത്രി ഒൻപതരയോടെ മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് പ്രതി ഓട്ടോറിക്ഷയിൽ രോഗിക്കൊപ്പം കയറുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചതിന് തൊട്ടുപിന്നാലെ പരിക്കേറ്റയാളുടെ കഴുത്തിലുണ്ടായിരുന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞ ബന്ധുക്കൾ ഉടൻ തന്നെ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകി. ഇതിനെ തുടർന്ന് പോലീസ് ആശുപത്രി പരിസരത്തെയും സമീപപ്രദേശങ്ങളിലെയും നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഊർജ്ജിതമായ അന്വേഷണം ആരംഭിക്കുകയും മിന്നൽ പരിശോധന നടത്തുകയും ചെയ്തു. തുടർന്ന് കുരവന്തോട് ജംഗ്ഷനിൽ വെച്ച് പ്രതിയെ പോലീസ് സംഘം സാഹസികമായി വളഞ്ഞുപിടിക്കുകയായിരുന്നു. പിടിക്കപ്പെട്ട അഷ്കർ മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കുന്നു.






