കോട്ടയം: അഞ്ചുവയസ്സുകാരിയെ 2023-ൽ പലതവണ ലൈംഗികമായി ഉപദ്രവിച്ചെന്നാരോപിച്ച കേസിൽ തലയോലപ്പറമ്പ് ഉമ്മാൻകുന്ന് അപ്പായി മകൻ തങ്കച്ചനെ കോടതി വെറുതെവിട്ടു. കോട്ടയം അഡീഷണൽ സെഷൻസ് പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി ശ്രീമതി എച്ച് റോഷ്നിയാണ് പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെവിട്ട് ഉത്തരവിട്ടത്.
കോട്ടയം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് ഇ-മെയിൽ മുഖേന ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. 2023-ൽ വിവിധ അവസരങ്ങളിലായി വീടിന്റെ മുൻവശത്തും മറ്റും വച്ച് അഞ്ചുവയസ്സുകാരിയെ പ്രതി ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. കേസിൽ പ്രോസിക്യൂഷൻ 23 സാക്ഷികളെ വിസ്തരിച്ചു.
എന്നാൽ, ഹാജരാക്കിയ തെളിവുകൾ വിലയിരുത്തിയ കോടതി പ്രതിക്കെതിരായ കുറ്റം നിയമപരമായി സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയാണ് കുറ്റവിമുക്തനാക്കിയത്. പ്രതിക്കുവേണ്ടി ഡപ്യൂട്ടി ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസൽ അഡ്വ. പ്രിയ ആർ. ചന്ദ്രൻ, അഡ്വ. ഗായത്രി ജി എന്നിവർ കോടതിയിൽ ഹാജരായി.






