കോഴിക്കോട്: കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച വടകരയിലെ എം.ഡി.എം.എ കേസ് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു.അതെ സമയം പിടിയിലായ അധ്യാപകരുടെ ലക്ഷ്യം സാമ്പത്തികനേട്ടം മാത്രമല്ല.
സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികളെയും യുവതികളെയുമാണ് ഈ അധ്യാപികമാര്‍ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. വിദ്യാര്‍ത്ഥിനികളുമായി ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെടുകയും നിരന്തരമായ ചാറ്റിംഗിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം ഇവരെ ലഹരി ശൃംഖലയിലെ കണ്ണികളാക്കി മാറ്റുകയുമായിരുന്നു ഇവരുടെ പ്രവര്‍ത്തനരീതി.
പേരാമ്പ്ര ബി.ആർ.സി.യിലെ ട്രയിനർ ആവള കുട്ടോത്ത് സ്വദേശിനി വലിയപറമ്പിൽ നീഷ്മ (30 ) ,കൂരാച്ചുണ്ട് ചെറുകാട് സ്വദേശി കൊല്ലനാരി കാവ്യ (29), മരുതോങ്കര സ്വദേശിനി കാഞ്ഞിരകുന്നുമ്മല്‍ കെ. സി കീര്‍ത്തന (28) എന്നിവരെയാണ് ലഹരി ഇടപാടിൽ പൊലീസ് അറസ്റ്റുചെയ്തത്.
ബി.ആർ.സി. അധ്യാപികമാരായ മൂന്നുപേർക്കും ബംഗളൂരു, മംഗലാപുരം എന്നിവിടങ്ങളിലെ ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്.
ലഹരി വാങ്ങാന്‍ പണമില്ലാതെ ഇവര്‍ മാഫിയയുടെ സജീവ ഏജന്റുമാരായി മാറുന്നത്. സ്വന്തമായി ലഹരി വാങ്ങാനുള്ള പണം കണ്ടെത്താനും ആഡംബര ജീവിതം നയിക്കാനും വേണ്ടിയാണ് പിന്നീട് ഇവര്‍ മേഖലയിലെ വന്‍കിട ലഹരി വിതരണക്കാരായി മാറിയതെന്ന് പോലീസ്.
ഓണ്‍ലൈന്‍ ഫുഡ് ആപ്പുകളുടെ മറവിലായിരുന്നു വടകരയിലും പരിസരപ്രദേശങ്ങളിലും ലഹരി എത്തിച്ചു നല്‍കിയിരുന്നത്.ഫുഡ് ഡെലിവറി നടത്തുന്നതിന്റെ മറവില്‍ ലഹരി വില്‍പ്പനയ്ക്ക് നേതൃത്വം നല്കിയ ജിജിന് പിടിയിലായതോടെയാണ് കേസില്‍ നിര്‍ണായക തിരിവുകളുണ്ടായതും അധ്യാപികമാരുടെ പങ്ക് പുറത്തുവന്നതും.
'ഓപ്പറേഷന് തൂഫാന്റെ' ഭാഗമായി രണ്ടാഴ്ച മുന്‍പ് റിസ്വാന് എന്നയാളെ എം.ഡി.എം.എയുമായി വടകരയില്‍ വെച്ച് പിടികൂടിയതാണ് കേസില്‍ വഴിത്തിരിവായത്. റിസ്വാനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ബി.ആര്.സിയിലെ താല്‍ക്കാലിക കായിക അധ്യാപികയായ കീര്‍ത്തനയെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നത്.
തുടര്‍ന്ന് കീര്‍ത്തനയെ കസ്റ്റഡിയിലെടുക്കുകയും ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സഹപ്രവര്‍ത്തകയായ കാവ്യയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മൂന്നാമത്തെ അധ്യാപികയായ നീഷ്മയും കുടുങ്ങിയത്.
മൂന്ന് അധ്യാപികമാരുടെയും മൊബൈൽ ഫോൺ സന്ദേശങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. ചില കോഡുകൾ ലഹരിയുമായി ബന്ധപെട്ട് ഇവർ ഉപയോഗിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചും അന്വേഷണംനടക്കുന്നുണ്ട്.






