കണ്ണൂര്‍ : കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലെത്തിയ പരാതിക്കാരിയായ യുവതിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശ്രീജിത്ത് കൊടേരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്. ശ്രീജിത്ത് കൊടേരി കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ആയിരിക്കെ നടന്ന സംഭവത്തിലാണ് നടപടി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സാമ്പത്തിക തിരിമറി ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ വിവരങ്ങള്‍ വിശദീകരിക്കാന്‍ ഭര്‍ത്താവിനൊപ്പം സ്റ്റേഷനിലെത്തിയ സ്ത്രീയോട് ഉദ്യോഗസ്ഥന് അപമര്യാദയായി സംസാരിക്കുകയും മോശം ഭാഷ ഉപയോഗിക്കുകയും ചെയ്തുവെന്നാണ് പരാതി. കേസില്‍ മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തിയപ്പോള്‍ യുവതി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
തനിക്കെതിരെ അന്യായമായി കേസെടുക്കുകയും പറയാനുള്ളത് കേള്‍ക്കാന്‍ തയ്യാറാകാതെ മോശമായി പെരുമാറുകയും ചെയ്തുവെന്ന് കാട്ടി യുവതി മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. കണ്ണൂര്‍ നഗരത്തിലെ പ്രമുഖ ഡോക്ടറുടെ സ്ഥാപനത്തിലെ മാനേജറായിരുന്ന യുവതി ഒരു കോടിയിലധികം രൂപ വ്യാജ കണക്കുകളിലൂടെ തട്ടിയെടുത്തെന്ന പരാതിയിലാണ് രണ്ടാം പ്രതിയായ ഭര്‍ത്താവിനൊപ്പം യുവതി സ്റ്റേഷനിലെത്തിയത്. ഇതിനിടെയാണ് ഉദ്യോഗസ്ഥന് പ്രകോപനപരമായി സംസാരിച്ചത്.
നിയമപരമായി തനിക്ക് ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ച് സംസാരിച്ച യുവതിയോട് 'ഭരണഘടന നീ എന്നെ പഠിപ്പിക്കേണ്ടതില്ല, വീട്ടില്‍ പോയി ഭര്‍ത്താവിനോട് പറഞ്ഞാല്‍ മതി' എന്ന് പോലീസ് ഉദ്യോഗസ്ഥന് ആക്രോശിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
നേരത്തെ മുന്‍ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു ശ്രീജിത്ത് കൊടേരി. കേസ് അന്വേഷണം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥന് കൂട്ടുനിന്നുവെന്ന് നവീന്‍ ബാബുവിന്റെ കുടുംബം ആരോപിച്ചിരുന്നു.






