തിരുവനന്തപുരം: കേന്ദ്ര നീക്കങ്ങള്‍ക്കും ഇഡിക്കുമെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇഡിക്കെതിരെ രംഗത്തെത്തിയത്.
എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന വിധി ദുരുപയോഗം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി മുഹമ്മദ് റിയാസിനെയും കേസില്‍ കുടുക്കാനാണ് നീക്കം നടക്കുന്നത്.
ഇഡിക്കെതിരെ സർക്കാർ അപ്പീലിന് പോകണമായിരുന്നുവെന്നും, കോടതി നിലപാടും ഇത് ശരിവെക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇഡിയെ തുറന്ന് കാട്ടാൻ നാളെയും മറ്റന്നാളുമായി രണ്ട് സെമിനാറുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്തും കോഴിക്കോടുമായാണ് സെമിനാർ സംഘടിപ്പിക്കുക.
ഇഡിയെ ഉപയോഗിച്ച് ഏത് സർക്കാരിനെയും വീഴ്ത്താമെന്നതാണവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ തകർക്കാനും ബിജെപി വിരുദ്ധ സർക്കാരുകളെ അസ്ഥിരപ്പെടുത്താനും കേന്ദ്ര സർക്കാർ നീക്കം നടത്തുകയാണെന്നും ഇലക്ഷൻ കമ്മീഷൻ ആർഎസ്എസിന്റെ ചട്ടുകമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷ കൂട്ടായ്മയാണ് ഭാവി ഇന്ത്യയുടെ ഗ്യാരണ്ടി. ദേശീയതലത്തില്‍ കേന്ദ്ര ഏജൻസികള്‍ക്കെതിരെ സംസാരിക്കുന്ന കോണ്‍ഗ്രസ് കേരളത്തില്‍ ഇടത് വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ വിമർശിച്ചു.
കേസില്‍ സിപിഐ നിലപാട് വ്യക്തമാക്കാത്തതിനെക്കുറിച്ച് അവരോടാണ് ചോദിക്കേണ്ടതെന്നും എന്നാല്‍ ഇഡിക്കെതിരെയുള്ള പൊതു രാഷ്ട്രീയ നിലപാടില്‍ അവർ ഉറച്ചുനില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.






