കാസർകോട് : സിപിഐഎം കാസർകോട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനം. വീട്ടിൽ പോയി പറയാൻ പറഞ്ഞത് പോലുള്ള പിണറായിയുടെ സമീപനം തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്നും സർക്കാരും പാർട്ടിയും തമ്മിൽ കോ-ഓർഡിനേഷൻ ഉണ്ടായില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ എടുത്ത പല നടപടികളും ഏകപക്ഷീയമായി പോയി, ഭരണത്തിൽ പാർട്ടി തകരുകയാണ് ചെയ്തത്. ഭരണം ഉപയോഗിച്ച് പാർട്ടിയെ ശക്തിപ്പെടുത്താൻ കഴിഞ്ഞില്ലെന്നും ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നു.
പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ പ്രശ്നങ്ങൾ തൃക്കരിപ്പൂരിലെ പരാജയത്തിന് മുഖ്യകാരണമായി. തൃക്കരിപ്പൂരിലും ഉദുമയിലും മുസ്ലീം വോട്ട് ഏകീകരണം ഉണ്ടായി. ജില്ലാ കമ്മിറ്റി അംഗങ്ങളിൽ പാർലമെന്ററി വ്യാമോഹം അധികരിക്കുകയാനിന്നും വിമർശനമുണ്ട്.
യുവ നേതാക്കളിൽ പലർക്കും പാർട്ടി സ്ഥാനങ്ങളിൽ എത്താൻ വ്യഗ്രതയാണ്. അതിനായി വളഞ്ഞ മാർഗങ്ങൾ തേടുകയാണെന്നും കാസർകോട് വിപുലീകൃത ജില്ലാ കമ്മറ്റിയിൽ വിമർശനമുയർന്നു.






