കോട്ടയം: തിരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടും തിരുത്തലിന് തുടക്കമിട്ടും വിപിലീകൃത ജില്ലാ കമ്മിറ്റിയിലൂടെ സി.പി.എം സംഘടനാ സംവിധാനം ഉറച്ചതാക്കുമ്പോള് കോണ്‍ഗ്രസില്‍ തമ്മിലടിയടങ്ങുന്നില്ല.
ഡി.സി.സി പുനസംഘടന വൈകുന്നതിന് പിന്നാലെ പാലാ നഗരസഭ കൈവിട്ടതും തദ്ദേശതിരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റുകളിലെ പരാജയവും കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു.
നേതാക്കള്‍ക്കിടയിലെ ഗ്രൂപ്പ് പോര് ശക്തമായതോടെ അണികളും അമർഷത്തിലാണ്. ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷൻ നിലനിറുത്താൻ കഴിയാത്തത് ചങ്ങനാശേരിയിലെ സംഘടനാപ്രശ്നം മൂലമാണെന്ന ആക്ഷേപം ശക്തമാണ്.
നാണംകെട്ട തോല്‍വിക്ക് കാരണം കോണ്‍ഗ്രസ്-കേരളാ കോണ്‍ഗ്രസ് ഐക്യമില്ലായ്മമെന്നാണ് വിലയിരുത്തല്‍. പരാജയസാദ്ധ്യത പ്രാദേശിക നേതൃത്വം നേരത്തെ അറിയിച്ചിരുന്നെങ്കിലും നേതാക്കള്‍ ഗൗനിച്ചില്ല. ഇതിന് സമാനമാണ് പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം വാർഡിലെ തോല്‍വിയും.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ചാണ്ടിഉമ്മന് റെക്കോർഡ് ഭൂരിപക്ഷം ലഭിച്ച പഞ്ചായത്താണ് പാമ്പാടി. കോണ്‍ഗ്രസിന് സംഘടനാ ശക്തിയുള്ള കുമ്പന്താനം വാർഡിലെ തോല്‍വിയും നേതാക്കളുടെ അനൈക്യത്തിലേക്ക് വിരല്‍ചൂണ്ടുകയാണ്.
പാലാ നഗരസഭയില്‍ വിപ്പു ലംഘനത്തിലൂടെ ഭരണം നഷ്ടമായത് തിരിച്ചടിയായി.






