അമ്പലപ്പുഴ: എംഎൽഎ ജി. സുധാകരനും സിപിഐഎമ്മും തമ്മിലുള്ള വാക്പോര് കൂടുതല്‍ രൂക്ഷമാകുന്നു. ജി. സുധാകരനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറി ശ്യാംജിയും ജില്ലാ സെക്രട്ടറി ആര്. നാസറും രംഗത്തെത്തി. സുധാകരന്റെ എംഎല്‍എ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിലായിരുന്നു ഇരുവരുടെയും പ്രതികരണം.
ജി. സുധാകരന്റെ നാവില്‍ ആണി അടിക്കേണ്ടിവരുമെന്ന് ശ്യാംജി പറഞ്ഞു. "കഴുത ചില സമയത്തൊക്കെ കരഞ്ഞ് തീര്‍ക്കാറുണ്ട്. അതുപോലെ കരഞ്ഞ് തീര്‍ക്കുകയാണ് സുധാകരന്. ചില ഊച്ചാളി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ക്ക് കയ്യടിക്കുന്നത്. സുധാകരന് പിരിച്ച കോടികളുടെ കണക്ക് നാട്ടിലെ കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം. അതിന് മറുപടി പറയാതെ ഒഴിഞ്ഞുമാറുകയാണ് അദ്ദേഹം," എന്നും ശ്യാംജി ആരോപിച്ചു.
സിപിഐഎം പ്രവര്‍ത്തകരെ ജി. സുധാകരന്റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നും തുടര്‍ന്ന് കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും ജില്ലാ സെക്രട്ടറി ആര്. നാസര്‍ ആരോപിച്ചു. പൊലീസുകാര്‍ നിയമാനുസൃതമായി പ്രവര്‍ത്തിക്കണമെന്നും എംഎല്‍എയുടെ നിര്‍ദേശപ്രകാരം കള്ളക്കേസ് എടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കള്ളക്കേസ് എടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും നാസര്‍ മുന്നറിയിപ്പ് നല്കി.
ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും വോട്ടുകള്‍ ഒരുപോലെ നേടിയാണു സുധാകരന് വിജയിച്ചതെന്നും ഇനി ക്ഷമയ്ക്ക് പരിധിയുണ്ടെന്നും ആര്. നാസര്‍ പറഞ്ഞു. സാഹചര്യം തുടര്‍ന്നാല്‍ ജനങ്ങള്‍ തന്നെ മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






