കണ്ണൂർ: സി പി ഐ എം വിപുലീകരിച്ച കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം പാർട്ടിയിൽ ശക്തിപ്പെടുത്തൽ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ അറിയിച്ചു. ജില്ലാ കമ്മിറ്റിയിലേക്ക് പുതുതായി എം സി രാഘവൻ, എം ശ്രീധരൻ എന്നിവരെ ഉൾപ്പെടുത്തിയതായും കെ വി സാക്കിർ ഹുസൈനെ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുത്തതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പയ്യന്നൂർ, തളിപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചോർച്ചയുണ്ടായ സാഹചര്യം യോഗം വിലയിരുത്തി. പയ്യന്നൂരിലെ വീഴ്ചകളിൽ പാർട്ടി പരിശോധന പൂർത്തിയായ ശേഷം സംഘടനാപരമായ നടപടികൾ ഉണ്ടാകുമെന്നും എന്നാൽ തളിപ്പറമ്പിലെ സ്ഥിതി അതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിൽ മതന്യൂനപക്ഷത്തിൽപ്പെട്ട ഒരാളെ സ്ഥാനാർത്ഥിയാക്കേണ്ടതായിരുന്നു എന്ന പിഴവ് കേന്ദ്ര കമ്മിറ്റി ഉൾപ്പെടെ ചൂണ്ടിക്കാണിച്ചത് ജില്ലാ കമ്മിറ്റി സ്വയം വിമർശനപരമായി വിലയിരുത്തിയിട്ടുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് മുൻകൈയെടുത്ത് വർഗീയ പ്രചാരണങ്ങളിലൂടെ ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ക്രൈസ്തവ വിഭാഗം ഉൾപ്പെടെയുള്ള ഈ ന്യൂനപക്ഷങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ പാർട്ടി വലിയ ഇടപെടൽ നടത്തുമെന്നും ജയരാജൻ പറഞ്ഞു. സി പി ഐ എം വിശ്വാസികൾക്ക് എതിരാണെന്ന പ്രചാരണം തെറ്റാണെന്നും പാർട്ടി എതിർക്കുന്നത് വിശ്വാസത്തെയല്ല മറിച്ച് വർഗീയതയെയാണെന്നും അദ്ദേഹം കൂട്ടിിച്ചേർത്തു. കൂടാതെ വിവാദങ്ങളിൽപ്പെട്ട പി പി ദിവ്യയെ പാർട്ടി അകറ്റി നിർത്തിയിട്ടില്ലെന്നും കേസ് നടപടികൾ കഴിഞ്ഞ ശേഷം അവരെ പദവികളിലേക്ക് തിരികെ കൊണ്ടുവരുന്ന കാര്യം ആലോചിക്കുമെന്നും അവർ ഇപ്പോഴും പാർട്ടിയുടെ ഭാഗമാണെന്നും എം വി ജയരാജൻ വ്യക്തമാക്കി.






