ഡൽഹി: രാജ്യത്ത് കൊവിഡ് 19 തരംഗം അവസാനിച്ചതിന് ശേഷം നാല് വർഷങ്ങള്‍ പിന്നിടുമ്പോള്‍ ആന്ധ്രപ്രദേശില്‍ വീണ്ടും കൊവിഡ് മരണങ്ങളും പുതിയ കേസുകളും റിപ്പോർട്ട് ചെയ്തത് ആശങ്ക വർദ്ധിപ്പിക്കുന്നു.
സംസ്ഥാനത്ത് മൂന്ന് ആഴ്ചയ്ക്കിടെ നാല് കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങള്‍ കടുത്ത ജാഗ്രതയിലാണ്. ജൂണ്‍ 26നും ജൂലൈ 16നും ഇടയില്‍ വിവിധ ജില്ലകളിലായി 12 പേർക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. മരണപ്പെട്ടവരില്‍ മൂന്ന് പേർ രായലസീമ മേഖലയിലെ കടപ്പ സ്വദേശികളും നാലാമത്തെയാള്‍ തീരദേശ ആന്ധ്രയിലെ കാക്കിനാഡ സ്വദേശിയുമാണ്.
മരണപ്പെട്ട നാല് പേർക്കും പ്രമേഹം, അമിത രക്തസമ്മർദ്ദം, വൃക്കരോഗം തുടങ്ങിയ ഗുരുതരമായ ഇതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി ജി വീരപാണ്ഡ്യൻ അറിയിച്ചു. ഇതില്‍ കടപ്പയില്‍ നിന്നുള്ള ഒരു രോഗി തമിഴ്നാട്ടിലെ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കാക്കിനാഡയില്‍ മരണപ്പെട്ടത് ഒരു പെണ്‍കുട്ടിയാണെന്നാണ് പ്രാദേശിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ രോഗബാധിതരായവരില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ വൈറസിന്റെ വകഭേദം തിരിച്ചറിയുന്നതിനായി പൂനെയിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് ജനിതക ശ്രേണീകരണത്തിനായി അയച്ചിട്ടുണ്ട്.
ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ സൃഷ്ടിച്ച ഭീകരമായ കൊവിഡ് തരംഗങ്ങള്‍ക്ക് ശേഷം രാജ്യവ്യാപകമായി നടന്ന വാക്സിനേഷൻ ഡ്രൈവിന്റെ ഫലമായി 2022 മാർച്ചോടെ ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം മഹാമാരി ആരംഭിച്ചതുമുതല്‍ ഇതുവരെ അഞ്ച് ലക്ഷത്തിലധികം കോവിഡ് മരണങ്ങളാണ് ഇന്ത്യയില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ ആന്ധ്രയില്‍ പന്ത്രണ്ട് കേസുകള്‍ റിപ്പോർട്ട് ചെയ്തതില്‍ എട്ടെണ്ണം കടപ്പയിലാണ്. ഗുണ്ടൂരില്‍ രണ്ടും വിശാഖപട്ടണം, കാക്കിനാഡ എന്നിവിടങ്ങളില്‍ ഓരോ കേസുകള്‍ വീതവുമാണ് ഉള്ളത്. രോഗബാധിതർ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവരായതിനാല്‍ ഒരു സമൂഹ വ്യാപന സാധ്യത നിലവിലില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഇതില്‍ മൂന്ന് പേർ വീടുകളിലും രണ്ടുപേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ബാക്കി മൂന്ന് പേർ രോഗമുക്തരായി ആശുപത്രി വിട്ടു.
സംസ്ഥാനത്ത് നിലവില്‍ പരിഭ്രാന്തിപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ മുൻകരുതലിന്റെ ഭാഗമായി മാസ്ക് ധരിക്കാനും ജനക്കൂട്ടം ഒഴിവാക്കാനും പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യ സെക്രട്ടറി കൂട്ടിച്ചേർത്തു. ജൂലൈ ഒന്നിന് ശേഷം രാജ്യത്തുടനീളം 360 കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ കേരളത്തിലാണ് (115). കർണാടക, മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, രാജസ്ഥാൻ, അന്തമാൻ നിക്കോബാർ ദ്വീപുകള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.






