കോട്ടയം: പുതുപ്പള്ളി കൊട്ടാരത്തുംകടവ് പാടശേഖരവുമായി ബന്ധപ്പെട്ട പ്രധാന തോട്ടിൽ കൂടുകൾ സ്ഥാപിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ സംഭവത്തിൽ ഫിഷറീസ് വകുപ്പ് നടപടി സ്വീകരിച്ചു. സ്റ്റീൽ ഫ്രെയിമിനൊപ്പം സ്ഥാപിച്ചിരുന്ന ആറ് മത്സ്യബന്ധന കൂടുകളാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ജോയ്സ് ഏബ്രഹാമിന്റെ നിർദേശപ്രകാരം മൺസൂൺകാല പട്രോളിംഗിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അനധികൃത മത്സ്യബന്ധനം കണ്ടെത്തിയത്.
കേരള ഇൻലാൻഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ആക്ട് 2010 പ്രകാരം ഇത്തരം മത്സ്യബന്ധനം നിരോധിച്ചിട്ടുള്ളതാണ്. വൈക്കം ഫിഷറീസ് ഇൻസ്പെക്ടർ മറ്റം മെറിറ്റ് കുര്യന്റെ നേതൃത്വത്തിൽ നടത്തിയ പട്രോളിംഗിൽ ഫിഷറീസ് ഉദ്യോഗസ്ഥരായ ജെ. ഗിരീഷ്, പി.എ. ജിഷ്ണു, സ്വാതിഷ് തുടങ്ങിയവർ പങ്കെടുത്തു.
'ഊത്തപിടിത്തം' എന്ന പേരിൽ അറിയപ്പെടുന്ന ഇത്തരം അനധികൃത മത്സ്യബന്ധന രീതികളിൽ നിന്ന് ബന്ധപ്പെട്ടവർ വിട്ടുനിൽക്കണമെന്ന് കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.






