മുവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയില്‍ കേന്ദ്രവിഹിതമായി ലഭിച്ച ഒമ്പത് കോടി രൂപയുടെ വിതരണത്തെച്ചൊല്ലി ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ സംഘര്‍ഷം കയ്യാങ്കളിയില്‍ കലാശിച്ചു.
പ്രതിപക്ഷ വാര്‍ഡുകളെ പൂര്‍ണമായി അവഗണിച്ചെന്നാരോപിച്ച് എല്‍.ഡി.എഫ്, ബി.ജെ.പി അംഗങ്ങള്‍ കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ച് ചെയര്‍പേഴ്സന്റെ മുറിക്കുമുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
പ്രതിഷേധം നടക്കുന്നതിനിടെ, കൗണ്‍സില്‍ യോഗം അവസാനിപ്പിച്ച് ചെയര്‍പേഴ്സണും ഭരണകക്ഷി അംഗങ്ങളും പിറകിലെ വാതിലിലൂടെ ചേംബറിലേക്ക് എത്തിയത് തര്‍ക്കത്തിന് കാരണമായി. തുടര്‍ന്ന് സമരക്കാര്‍ ഇരുന്ന ആ വാതിലിലൂടെ തന്നെ ഭരണകക്ഷി അംഗങ്ങള്‍ പുറത്തേക്ക് വന്നതോടെ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റവും പിടിവലിയും ചവിട്ടും ഉണ്ടായി.
വനിതാ കൗണ്‍സിലര്‍മാരും ഉള്‍പ്പെട്ട ഈ സംഘര്‍ഷത്തില്‍ നിലത്തിരുന്നവരുടെ ദേഹത്തേക്ക് മറ്റുള്ളവര്‍ വീഴുകയും ചിലര്‍ക്ക് ചവിട്ടേല്‍ക്കുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് ഇരുപക്ഷത്തുമുള്ള നിരവധി കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റു. ചെയര്‍പേഴ്സണും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സണുമടക്കമുള്ള യു.ഡി.എഫ് അംഗങ്ങളും, എല്‍.ഡി.എഫ്, ബി.ജെ.പി കൗണ്‍സിലര്‍മാരുമാണ് ആശുപത്രികളില്‍ ചികിത്സ തേടിയത്.
ഭരണകക്ഷി അംഗങ്ങള്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രതിപക്ഷാംഗങ്ങള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. പോലീസെത്തിയാണ് ഒടുവില്‍ ഇരുകൂട്ടരെയും പിടിച്ചുമാറ്റിയത്.






