ന്യൂഡൽഹി: വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള പുതിയ ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കാനിരിക്കെ കേന്ദ്രമന്ത്രിമാരുമായും
ബിജെപി എംപിമാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
ഔദ്യോഗിക വസതിയായ ഏഴാം ലോക് കല്യാൺ മാർഗിൽ ചായസൽക്കാരത്തിനിടെയായിരുന്നു കൂടിക്കാഴ്ച.
കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, ജെ.പി. നഡ്ഡ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ തുടങ്ങിയവർ പങ്കെടുത്തു.
ലോക്സഭയിലെയും രാജ്യസഭയിലെയും മുപ്പതിലേറെ എംപിമാരും മന്ത്രിമാരും ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷും യോഗത്തിനെത്തി.
വിവിധ വിഷയങ്ങളിൽ ക്രിയാത്മകമായ ചർച്ചകൾ നടന്നുവെന്ന് കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മോദി എക്സിൽ കുറിച്ചു.
എംപിമാരുമായി ചായകുടിച്ചുകൊണ്ട് സൗഹൃദ സംഭാഷണം നടത്തുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.






