പാലക്കാട് : സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളേജ് വിദ്യാർഥിനി മരിച്ചു. പാലക്കാട് കോങ്ങാട് മല്ലിക്കൽ ബസ് സ്റ്റോപ്പിന് സമീപം ഇന്ന് രാവിലെ ആണ് അപകടം നടന്നത്. കോങ്ങാട് കരുണയിൽ ഗോപീകൃഷ്ണൻ്റെ മകൾ 18കാരിയായ ഗൗരി ജി കൃഷ്ണ ആണ് മരിച്ചത്.
മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ കെമിസ്ട്രി ബിരുദ വിദ്യാർഥിനിയായിരുന്നു ഗൗരി. രാവിലെ കോളേജിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ബസിൽ കയറിയ ഗൗരിയുടെ ഒരു ഷൂ അഴിഞ്ഞു പുറത്തേക്ക് വീഴുകയായിരുന്നു. ഇത് എടുക്കാനായി കുട്ടി പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ടെടുത്തു. ബസിൽനിന്ന് തെറിച്ചുവീണ ഗൗരിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.
അപകടം നടന്നതിന് പിന്നാലെ ഉടൻ തന്നെ കുട്ടിയെ പാലക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോങ്ങാട് സ്വദേശിയായ എംപി ഗോപീകൃഷ്ണന്റെയും ബീനയുടെയും മകളാണ് ഗൗരി.






