കോട്ടയം: മലയാളികളുടെ അടുക്കളയില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് തേങ്ങ.
ഏറെദിവസം സൂക്ഷിക്കാനാവില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രശ്നം. ഒരു തേങ്ങ പൊട്ടിച്ച് പകുതി മാത്രം ഉപയോഗിക്കുമ്പോള്‍ ബാക്കി പകുതി കേടാവുന്നു. ചിലപ്പോള്‍ ദുർഗന്ധം പോലും വന്നേക്കാം.
തേങ്ങ പൊട്ടിച്ചുകഴിയുമ്പോള്‍ അതിന്റെ ഉള്‍ഭാഗം വായുവുമായി നേരിട്ട് സമ്പർക്കത്തില്‍ വരുന്നതാണ് ഇത് വേഗത്തില്‍ കേടാവാനുള്ള കാരണം.
ഇത്തരത്തിലുള്ള പ്രശ്നങ്ങളില്ലാതെ തേങ്ങ കേടുകൂടാതെ സൂക്ഷിക്കാൻ എളുപ്പവഴിയുണ്ട്. ഇതിനായി അലുമിനിയം ഫോയില്‍ ഉപയോഗിക്കാം.
അലുമിനിയം ഫോയില്‍ ചെറിയ കഷ്ണം മുറിച്ചെടുത്ത് തേങ്ങയുടെ വെളുത്ത ഭാഗത്ത് കാറ്റ് കയറാത്ത രീതിയില്‍ നന്നായി അമർത്തി ഒട്ടിച്ചുവയ്ക്കുക. ശേഷം ഇതിനെ ഒരു സിപ്ലോക്ക് ബാഗിലോ കാറ്റ് കയറാത്ത പാത്രത്തിലോ ആക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
അലുമിനിയം ഫോയില്‍ ഇല്ലെങ്കില്‍ ഒരു പാത്രത്തില്‍ വെള്ളമെടുത്ത് മുറിച്ച തേങ്ങ അതില്‍ മുക്കിവച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. തേങ്ങ ഉണങ്ങിപ്പോകാതിരിക്കാനും ഇത് നല്ലതാണ്.
ഈ രണ്ട് മാർഗങ്ങളില്‍ ഏത് പരീക്ഷിച്ചാലും തേങ്ങ ഒരാഴ്ച വരെ കേടാകാതെയിരിക്കും. അതേസമയം, പൊട്ടിക്കാത്ത തേങ്ങ ഒരിക്കലും ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്.






