ചെന്നൈ : തമിഴ്നാട് നിയമസഭയില്‍ വച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്യെ മറ്റ് അംഗങ്ങള്‍ അതിരുവിട്ട് പ്രശംസിക്കുന്നത് വിലക്കി സ്പീക്കര്‍ ജെസിഡി പ്രഭാകര്‍. ഓരോ വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ചയാക്കപ്പെടുമ്പോള്‍ അതില്‍ ഉറച്ചുനിന്ന് കൊണ്ട് അതേക്കുറിച്ച് മാത്രം സംസാരിക്കണമെന്ന് സ്പീക്കര്‍ ഓര്‍മിപ്പിച്ചു. വിഷയവുമായി ബന്ധമില്ലാത്ത അനാവശ്യമായ പ്രശംസ അംഗീകരിക്കാന്‍ ചെയറിന് സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ടിവികെ എംഎല്‍എ സിന്ധു നിയമസഭയില്‍ വിജയ്യെ പ്രശംസിച്ച് ഗാനം ആലപിച്ചത് വിവാദമായിരുന്നു. എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ പ്രശംസിക്കുന്നത് അതിരുകടക്കരുതെന്ന് മന്ത്രി ആധവ് അര്‍ജുന മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇത് മുഖ്യമന്ത്രിക്ക് തന്നെ ഇഷ്ടമല്ലെന്നാണ് മന്ത്രി പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇത്തരം നടപടികളെ സ്പീക്കറും വിലക്കിയത്.
എംഎല്‍എമാര്‍ക്ക് എല്ലാവര്ക്കും കാര്‍, പാല്‍സംഭരണ വില ഉയര്‍ത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ടിവികെ എംഎല്‍എമാര്‍ മുഖ്യമന്ത്രി വിജയ്യെ സഭയില്‍ പുകഴ്ത്തിയത്. വൈദ്യുതി മന്ത്രി ആര് നിര്‍മല്‍ കുമാര്‍ മുന്‍ മുഖ്യമന്ത്രി കരുണാനിധിയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെയും സ്പീക്കര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇത്തരം പരാമര്‍ശങ്ങളിലൂടെ ആരെയാണ് അംഗങ്ങള്‍ ഇംപ്രസ് ചെയ്യാന്‍ ശ്രമിക്കുന്നതെന്നും സ്പീക്കര്‍ ചോദിച്ചിരുന്നു.






