ഡല്‍ഹി: ഡല്‍ഹിയില്‍ സമരം കൊടുമ്പിരി കൊള്ളവേ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെക്ക് ടൈഫോയിഡ് സ്ഥിരീകരിച്ചു.
ദീപ്കെ തന്നെയാണ് എക്സ് വീഡിയോയിലൂടെ ഇക്കാര്യം അറിയിച്ചത്. രക്തപരിശോധനയില്‍ രോഗം സ്ഥിരീകരിച്ചെന്നും ചികിത്സയിലാണെന്നും ദീപ്കെ പറഞ്ഞു. പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും ദീപ്കെ നന്ദി പറഞ്ഞു. രാജ്യവ്യാപകമായി സമാധാനപരമായ പ്രതിഷേധം തുടരണം. എല്ലാവരോടും വളരെ നന്ദിയുണ്ട്. ധര്‍മേന്ദ്ര പ്രധാന് രാജിവെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും അഭിജീത് ദീപ്കെ വീഡിയോയില്‍ പറഞ്ഞു.
ഇന്ന് വൈകിട്ട് സിജെപി പ്രതിനിധികള്‍ കേന്ദ്രസര്‍ക്കാരുമായി വീണ്ടും ചര്‍ച്ച നടത്തുന്നുണ്ട്. ധര്‍മേന്ദ്ര പ്രധാന് രാജിവെക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സിജെപി നേതാക്കള്‍. എന്നാല്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് അടക്കമുള്ള ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കേന്ദ്രം അറിയിച്ചതായാണ് വിവരം. അതേസമയം ധര്‍മേന്ദ്ര പ്രധാന്റെ രാജിയുണ്ടാവില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന.
അതിനിടെ ധര്‍മേന്ദ്ര പ്രധാന് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യമെങ്ങും നടക്കുന്ന പ്രതിഷേധത്തില്‍ പങ്കാളിയായി അസം മന്ത്രിയുടെ മകളും. സിജെപി സമരത്തിന് പിന്തുണ അറിയിച്ച് ഗുവാഹത്തിയില്‍ നടന്ന പ്രതിഷേധ പരിപാടിയിലാണ് ബിജെപി മന്ത്രിയുടെ മകള്‍ പങ്കെടുത്തത്. ബിജെപി നേതാവും ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായ കേശബ് മഹന്തയുടെ മകള്‍ ഡിബിസ മഹന്തയാണ് പ്രതിഷേധിച്ചത്. ഗുവാഹത്തിയില്‍ നടന്ന പ്രതിഷേധത്തില്‍ ഡിബിസ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
അതേസമയം, ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധം കനത്തതോടെ കുറ്റക്കാര്‍ക്ക് 10 വര്‍ഷം വരെ തടവും 10 കോടി രൂപ വരെ പിഴയും ശിക്ഷ നല്‍കാനുള്ള നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുകയാണ്. തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. നീറ്റ് പരീക്ഷ നടത്തുന്ന എന്‍.ടി.എയില്‍ നിന്ന് 47 ഉദ്യോഗസ്ഥരെ ഇന്നലെ രാത്രി പിരിച്ചുവിടുകയും ചെയ്തു. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ പരിഗണിക്കാന്‍ ഡല്‍ഹിയില്‍ പ്രത്യേക അതിവേഗ കോടതി ഡല്‍ഹി ഹൈക്കോടതി രൂപീകരിച്ചിരിക്കുകയാണ്.






