കൊല്ലം: കുളത്തൂപ്പുഴയില്‍ മാതാവിന്റെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് മകൻ പൂജ ചെയ്തത് മൂന്ന് ദിവസം. കുളത്തൂപ്പുഴ ആർപിഎല്‍ എസ്റ്റേറ്റ് ക്വാർട്ടേഴ്സില്‍ താമസിച്ചിരുന്ന ചിന്നത്താമയുടെ മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി മൂന്ന് ദിവസം മുറിയില്‍ സൂക്ഷിച്ച് പൂജ ചെയ്തത്.
കൃഷ്ണസ്വാമിയുടെ മകള്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ബുധനാഴ്ചയാണ് ചിന്നത്താമ മരണപ്പെട്ടത്. തുടർന്ന് മൃതദേഹത്തില്‍ ഭസ്മമടക്കം പൂശി മുറിക്കുള്ളില്‍ വച്ച് കൃഷ്ണസ്വാമി പ്രത്യേക പൂജകള്‍ നടത്തിവരികയായിരുന്നു. കൃഷ്ണസ്വാമിയും അമ്മയും മാത്രമായിരുന്നു ഈ വീട്ടില്‍ താമസിച്ചിരുന്നത്.
വിവരമറിഞ്ഞതിന് പിന്നാലെ മകള്‍ ഉടനടി പഞ്ചായത്ത് മെമ്പറെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് പ്രദേശം പരിശോധിച്ച ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
അമ്മയുടെ പെട്ടെന്നുള്ള മരണത്തിലുണ്ടായ കടുത്ത മാനസിക ആഘാതവും ദുഃഖവും കാരണമാണ് മകൻ ഇത്തരമൊരു പ്രവർത്തി ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. മരണത്തില്‍ മറ്റ് ദുരൂഹതകളൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു.






