ഡൽഹി: കർശന ജാമ്യ വ്യവസ്ഥയില്‍ ജയില്‍ മോചിതരായ സിജെപി നേതാക്കള്‍ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഇന്ന് ഹാജരായില്ല.
ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് സൗരവ് ദാസ് അടക്കം നേതാക്കള്‍ പൊലീസിനെ അറിയിച്ചു. പുതുക്കിയ തീയതി പൊലീസ് നല്‍കും.
ബംഗ്ലാദേശുമായി ബന്ധപ്പെട്ടുള്ള വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി നേഹ ബോറ രംഗത്തെത്തി. സമാധാന ഉടമ്പടിക്കെതിരായ നേഹയുടെ ഹർജിയില്‍ ഡൽഹി ഹൈക്കോടതി വാദം പൂർത്തിയാക്കി നാളെ വിധി പറയും.
ജന്തർ മന്തറിലെ പ്രതിഷേധത്തില്‍ ഏഴുദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഇന്നലെ രാത്രിയാണ് അശുതോഷ് റങ്കെയും സൗരവ് ദാസും മോചിതരായത്. സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് മുന്നോട്ടുവെച്ചത് കർശന ഉപാധികള്‍ ആയിരുന്നു.
പ്രതിഷേധ വിലക്കുള്ള ജന്തർ മന്തിറില്‍ പ്രതിഷേധിക്കില്ലെന്ന് പറഞ്ഞ സിജെപി നേതാക്കള്‍ ക്ഷമാപണവും നടത്തിയിരുന്നു. പ്രതിഷേധത്തിന് ആഹ്വാനം ചെയ്യില്ലെന്നും സമാധാന അന്തരീക്ഷം തകർക്കില്ലെന്നും ഇരുവരും ഉറപ്പ് നല്കി.
പുറത്തിറങ്ങിയതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ചിൻ്റെ ചോദ്യം ചെയ്യല്‍ നോട്ടീസ് ലഭിച്ചത്. ജന്തർ മന്തിർ പ്രതിഷേധത്തില്‍ രണ്ടു കേസുകളാണ് ഇരുവർക്കുമെതിരെ ക്രൈം ബ്രാഞ്ച് എടുത്തത്.
മറ്റൊരു ദിവസം ഹാജരാകാമെന്നാണ് അശുതോഷും സൗരവും അറിയിച്ചത്. നേതാക്കളെല്ലാം പുറത്തിറങ്ങിയെങ്കിലും തുടർ സമരങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. അതിനിടെ ബംഗ്ലാദേശ് പരാമർശത്തില്‍ നേഹാ ബാറ വിശദീകരണവുമായി രംഗത്തെത്തി.






