ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമര രംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി. തങ്ങൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിച്ച സർക്കാർ ഇപ്പോൾ വ്യവസ്ഥകൾ ലംഘിച്ച് സമരക്കാരെ വേട്ടയാടുകയാണെന്ന് സിജെപി വക്താക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
സമരക്കാർക്കെതിരെയെടുത്ത കേസ് റദ്ദാക്കണമെന്ന വ്യവസ്ഥയടക്കം സർക്കാർ പാലിക്കുന്നില്ലെന്നും വ്യവസ്ഥകൾ ലംഘിച്ചാൽ ഞങ്ങൾ വീണ്ടും പ്രതിഷേധ സമരം നടത്തുമെന്നും സിജെപി പ്രതിനിധികൾ കപിൽ സിബലിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
പ്രതിഷേധവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ എല്ലാ ഭാഗത്തും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കപില്‍ സിബലും പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സിജെപി വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. സിജെപിക്ക് നിയമസഹായത്തിനായി ഒരു കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. പൊലീസ് ക്രൂരതകള്‍ പങ്കുവെയ്ക്കാനാണ് വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നത്. പൊലീസ് അതിക്രമത്തിന്റെ വീഡിയോകളും ഫോട്ടോകളും അടക്കം വെബ്സൈറ്റില്‍ നല്‍കാം.
വെബ്സൈറ്റില്‍ എല്ലാവിവരവും ലഭ്യമാകും. സാക്ഷി എന്ന പേരിലാണ് വെബ്സൈറ്റെന്നും സിജെപി വക്താവ് രത്ന സിങും പറഞ്ഞു. അസമില്‍ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള പത്ത് പേര് അറസ്റ്റിലായിട്ടുണ്ടെന്നും രത്ന സിങ് ചൂണ്ടിക്കാട്ടി. പ്രത്യേക മതവിഭാഗങ്ങളെ പൊലീസ് ലക്ഷ്യമിടുകയാണ്. ബിഹാറില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കേസ്. പട്നയില്‍ കൊലപാതക ശ്രമം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നതെന്നും രത്ന സിങ് കൂട്ടിച്ചേര്‍ത്തു.






