കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയ വയനാട്ടിലെ ചൂരല്‍മല പാലത്തിനു പകരം പുതിയ ഹൈടെക് പാലം വരുന്നു. പാലത്തിന്റെ നിര്‍മ്മാണ പ്രവർത്തനങ്ങള്‍ തുടങ്ങി.
34 കോടി രൂപ ചെലവില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പാലം നിര്‍മ്മിക്കുന്നത്.
ചൂരല്‍മലയില്‍ സൈന്യം നിർമിച്ച ബെയ്ലി പാലത്തിന് സമാന്തരമായാണ് പുതിയ പാലം ഒരുങ്ങുന്നത്. ഗര്‍ഡറുകള്‍ പരസ്പരം ചേര്‍ത്തുള്ള ബോസ്ട്രിങ് മാതൃകയിലാണ് നിര്‍മാണം. പുഴയുടെ മുകളില്‍ 107 മീറ്ററും ഇരു കരകളിലും 80 മീറ്ററും നീളം പാലത്തിനുണ്ടാവും. ഉയരം കൂട്ടി നിർമിക്കുന്നതിനാലാണ് ഇരു കരകളിലും 80 മീറ്റർ നീളത്തില്‍ പണിയുന്നത്. പുഴയിലേക്ക് തൂണുകള്‍ ഇല്ലാത്ത രീതിയിലാണ് രൂപകല്‍പ്പന. ദുരന്ത കാലത്ത് പുന്നപ്പുഴയിലുണ്ടായ പരമാവധി ഉയർന്ന ജലനിരപ്പ് തിട്ടപ്പെടുത്തി അതിനെക്കാള്‍ ഉയരത്തിലാണ് പാലം. ഇനിയൊരു അപകടമുണ്ടായാല്‍ അതിജീവിക്കാൻ ശേഷിയുള്ള വിധമാണ് നിർമാണം.
ചൂരല്‍മല ടൗണില്‍ പാലത്തിന്റെ പൈലിംഗ് ജോലികള്‍ തുടങ്ങി. ചൂരല്‍മല ടൗണില്‍ നിന്ന് ആരംഭിച്ച് മറുകരയില്‍ അട്ടമല -മുണ്ടക്കൈ റോഡുകള്‍ കൂടിച്ചേരുന്നിടത്താണ് പാലം അവസാനിക്കുക. നാല് വർഷം കൊണ്ട് പണി പൂർത്തിയാക്കാനാണ് ലക്ഷ്യം വെക്കുന്നത്.






