ശരീരത്തില്‍ കൊളസ്ട്രോളിന്റെ അളവ് കൂടുമ്പോള്‍ വ്യായാമം ചെയ്തും ഡയറ്റില്‍ മാറ്റങ്ങള്‍ വരുത്തിയും ഭക്ഷണക്രമീകരണം നടത്തുന്നത് സാധാരണമാണ്.
എന്നാല്‍ നമ്മള് ആരോഗ്യകരമാണെന്ന് കരുതി ചെയ്യുന്ന പല കാര്യങ്ങളും കൊളസ്ട്രോള്‍ കുറയ്ക്കാൻ ഫലപ്രദമാകണമെന്നില്ല. കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിന് ഈ ശീലങ്ങള്‍ ഒഴിവാക്കിക്കോളു.
കൊഴുപ്പ് കുറഞ്ഞ ഭക്ഷണം മാത്രം കഴിക്കുന്നത്
കൊളസ്ട്രോള്‍ കുറയ്ക്കാൻ ഭക്ഷണത്തില്‍ നിന്ന് കൊഴുപ്പ് പൂർണ്ണമായും ഒഴിവാക്കുന്നതാണ് നല്ലതെന്ന ധാരണ തെറ്റാണ്. ദിവസവും കഴിക്കുന്ന ഭക്ഷണത്തില്‍ കുറഞ്ഞത് 35 ശതമാനമെങ്കിലും ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിരിക്കണം. അതിനാല്‍ കൊഴുപ്പ് പൂർണ്ണമായി ഒഴിവാക്കുന്നതിന് പകരം ആരോഗ്യകരമായ കൊഴുപ്പുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താൻ ശ്രദ്ധിക്കണം.
സപ്ലിമെന്റുകളെ അമിതമായി ആശ്രയിക്കുന്നത്
അമിതമായി സപ്ലിമെന്റുകളും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. സമീകൃതമായ ആഹാരം, വ്യായാമം, ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകള്‍ എന്നിവ നല്കുന്ന ഫലം ഇത്തരം സപ്ലിമെന്റുകളില്‍ നിന്ന് ലഭിക്കില്ല. സപ്ലിമെന്റുകളെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാം.
ഡയറ്റ് മാറ്റിയാല്‍ മാത്രം കൊളസ്ട്രോള്‍ കുറയുമെന്ന് കരുതുന്നത്
കൊളസ്ട്രോളിനെ സ്വാധീനിക്കുന്നത് ഭക്ഷണശീലം മാത്രമല്ല. പുകവലി ഉപേക്ഷിക്കുന്നതിലൂടെയും, ദിവസവും വ്യായാമം ചെയ്യുന്നതിലൂടെയും കൊളസ്ട്രോള്‍ കുറയ്ക്കാൻ സാധിക്കും. എന്നാല്‍ ചില ആളുകളില്‍ കൃത്യമായ ഭക്ഷണവും വ്യായാമവും പിന്തുടർന്നാലും പാരമ്പര്യ ഘടകങ്ങള്‍ കാരണം കൊളസ്ട്രോള്‍ ഉയർന്ന നിലയില്‍ തന്നെ തുടരാനും സാധ്യതയുണ്ട്.






