തിരുവനന്തപുരം: ചിറയിൻകീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ കൈയാങ്കളിയില്‍ നടപടിയെടുത്ത് കെപിസിസി.
രമ്യ ഹരിദാസിന്റെ പി എ പാളയം പ്രദീപിനെയും കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി സജ്ജാദിനെയും സസ്പെൻഡ് ചെയ്തു. കെപിസിസി അന്വേഷണ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൈയാങ്കളി പാർട്ടിക്ക് നാണക്കേടായിരിക്കെയാണ് ഇരുവിഭാഗത്തിനും എതിരെ നടപടിയെടുത്തത്.
ബ്ലോക്ക് പഞ്ചായത്തില്‍ ജനപ്രതിനിധികളുടെയും പ്രൊജക്ട് ഇംപ്ലിമെന്റ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നിരുന്നു. യോഗത്തില്‍ രമ്യ ഹരിദാസിന്റെ പി എ പാളയം പ്രദീപ് പങ്കെടുക്കുകയും കരാറുകാർക്ക് നിർദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഇത് ചോദ്യംചെയ്ത് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ വാട്സാപ്പ് ഗ്രൂപ്പിലൂടെ രംഗത്തെത്തി. തുടർന്ന് എംഎല്‍എയും പി എയും അടക്കം പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതിനിടെയാണ് വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായത്.
വീട് തൊട്ടടുത്താണെന്നും അങ്ങോട്ടേക്ക് പോകാമെന്നും സജ്ജാദ് ക്ഷണിച്ചിട്ടാണ് പോയതെന്നാണ് രമ്യ പ്രതികരിച്ചത്. സംസാരിച്ചിരിക്കെയാണ് സജിത്ത് അടക്കം എട്ടോളം പേരെത്തിയത്. സജിത്ത് മോശമായി സംസാരിച്ചു. തിരിച്ചുപോകാൻ കാലുണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തി. തന്റെ കൈ പിടിച്ചുവലിച്ചു. തുടർന്നാണ് ചികിത്സ തേടിയത്. തിരഞ്ഞെടുപ്പ് സാമ്പത്തിക തിരിമറിക്ക് സജിത്തിനെതിരെ പരാതിയുണ്ട്. പാളയം പ്രദീപ് അടക്കം തനിക്ക് നാല് സ്റ്റാഫുണ്ട്. എം പി ആയിരുന്നപ്പോള്‍ മുതല്‍ പാളയം പ്രദീപ് ഒപ്പമുണ്ടെന്നും രമ്യ പറഞ്ഞു.
രമ്യയുടെ പരാതിയില്‍ ചിറയിൻകീഴ് പൊലീസ് സജിത്ത്, സജ്ജാദ് ഉള്‍പ്പെടെ 14 നേതാക്കള്‍ക്കെതിരെ എസ്.സി/എസ്.ടി അതിക്രമ നിരോധന നിയമം ഉള്‍പ്പെടെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തിരുന്നു. സജിത്തും ഭാര്യയും പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. സജിത്തിനെ അറസ്റ്റ് ചെയ്താല്‍ പ്രതിഷേധിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു. രമ്യ ഹരിദാസ് ചിറയിൻകീഴില്‍ സ്ഥാനാർത്ഥിയായത് മുതല്‍ ഒരു വിഭാഗം എതിർപ്പിലാണ്.






