കോട്ടയം: പഞ്ചായത്ത് മെംബറുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടലില്‍ അന്യസംസ്ഥാനക്കാരൻ അടക്കം രണ്ടുപേരെ മൂന്നു കിലോയിലധികം കഞ്ചാവുമായി പിടികൂടി.
ഒഡീഷയില്‍നിന്നു കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതിലെ പ്രധാനി ഒഡീഷ നോയഗഡ സ്വദേശി ദശരഥ് ബഹ്റ (46), നാട്ടിലെ കഞ്ചാവ് വിതരണ ശൃംഖലയിലെ പ്രധാനിയായ ചങ്ങനാശേരി നാലുകോടി ഭാഗത്ത് ചപ്പാട്ട് പറമ്പില്‍ സി.എം. പ്രണവ് (21) എന്നിവരെ അറസ്റ്റ് ചെയ്തത്.
കുറിച്ചി പഞ്ചായത്ത് മലകുന്നം ഭാഗത്തുള്ള ചാമക്കുളം റെയില്‍വേ ഗേറ്റിന് സമീപം ഏതോ ട്രെയിനില്‍നിന്നു വലിച്ചെറിഞ്ഞ നിലയില്‍ സംശയാസ്പദമായ ഒരു ബാഗ് കണ്ടതായി നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തിയ ചിങ്ങവനം പോലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ അംഗങ്ങളും ചേർന്നു നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
പ്രതികളുടെ പക്കല്‍നിന്നും മൂന്നു കിലോയില്‍ അധികം കഞ്ചാവ് പിടിച്ചെടുത്തു. കുറിച്ചി പഞ്ചായത്ത് പതിനാലാം വാർഡ് മെംബർ ആര്യയുടെ നേതൃത്വത്തില്‍ നാട്ടുകാർ പോലീസിനൊപ്പം ചേർന്നു നടത്തിയ തെരച്ചിലിലാണ് റെയില്‍വേ ട്രാക്കിന് സമീപം ഒളിച്ചിരിക്കുന്ന നിലയില്‍ ദശരഥ് ബഹ്റയെ പിടികൂടിയത്.






