തിരുവനന്തപുരം: പാറശാലയില്‍ വിവാഹച്ചടങ്ങിനിടെ അലങ്കാര വിളക്കില്‍ നിന്ന് ഷോക്കേറ്റ് 14കാരനായ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തു.
സംഭവത്തില്‍ പാറശാല സ്റ്റേഷന് ഹൗസ് ഓഫീസറോടും ജില്ലാ ശിശുക്ഷേമ ഓഫീസറോടും കമ്മിഷന് വിശദീകരണം തേടി.
തിങ്കളാഴ്ച രാത്രി നടന്ന വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിക്കാണ് വൈദ്യുതാഘാതമേറ്റത്. റിസപ്ഷന് ഹാളിന് സമീപം സ്ഥാപിച്ചിരുന്ന അലങ്കാര വിളക്കിന്റെ വയറില്‍ നിന്നാണ് ഷോക്കേറ്റത്.
ഉടന്‍ പാറശാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല.
വിവാഹവേദിയില്‍ അലങ്കാര ലൈറ്റുകള്‍ സ്ഥാപിച്ചതിലെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് അലങ്കാരപ്പണികള്‍ നടത്തിയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.






