വയനാട് : പാരമ്പര്യ നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമന് വിടചൊല്ലാനൊരുങ്ങി കേരളം. ഇന്ന് രാവിലെ 9 മണി മുതൽ വയനാട് മാനന്തവാടി കമ്മന നവോദയം സ്കൂളിൽ പൊതുദർശനം നടക്കും. ഔദ്യോഗിക ബഹുമതികളോടെ ഉച്ചയ്ക്ക് 2 മണിക്ക് കൊടുമലയിലെ സമുദായ ശ്മശാനത്തിൽ വച്ചാണ് സംസ്കാരം നടക്കുക.
ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. 2023ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച നെൽവിത്തുകളുടെ സംരക്ഷകനാണ് ഓർമയാകുന്നത്. 45-ലേറെ വരുന്ന തദ്ദേശീയ നെൽവിത്തിനങ്ങളെ വംശനാശത്തിൽ നിന്ന് സംരക്ഷിച്ച് നിലനിർത്തിയതിലൂടെയാണ് കുറിച്യ സമുദായത്തിൽപ്പെട്ട അദ്ദേഹം രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.മാനന്തവാടി കമ്മന സ്വദേശിയായ അദ്ദേഹം പതിറ്റാണ്ടുകളായി പൂർണ്ണമായും ജൈവരീതിയിലാണ് കൃഷി ചെയ്തിരുന്നത്.
നെൽവിത്തുകൾക്ക് പുറമെ പാരമ്പര്യ പച്ചക്കറികൾ, ഔഷധ സസ്യങ്ങൾ, വിവിധ വൃക്ഷങ്ങൾ എന്നിവയും ചെറുവയൽ രാമൻ തന്റെ തോട്ടത്തിൽ സംരക്ഷിച്ചുപോന്നു. വിളവെടുത്ത നെല്ല് ഒരാഴ്ച വെയിലും മഞ്ഞും കൊള്ളിച്ച ശേഷം ചൂടാക്കിയ മുളങ്കൂട്ടയിലും വൈക്കോൽ കൊണ്ടുണ്ടാക്കിയ വിത്തുകൂടയിലും സൂക്ഷിക്കുന്ന പാരമ്പര്യ രീതിയാണ് ചെറുവയൽ രാമൻ പിന്തുടർന്നത്. ഇങ്ങനെ സൂക്ഷിക്കുന്ന വിത്തുകൾക്ക് രണ്ടു വർഷം വരെ മുളയ്ക്കൽ ശേഷി നഷ്ടപ്പെടില്ല.






