പദ്മശ്രീ ചെറുവയൽ രാമൻ ഇനി ഓർമ്മ; വിവാങ്ങിയത് പരമ്പരാഗത നെൽവിത്തുകളുടെ കാവലാൾ;
ജൈവകൃഷി സംരക്ഷകനെന്ന നിലയിൽ രാജ്യത്തൊട്ടാകെ പെരുമ നേടിയ വയനാടിന്റെ നെല്ലച്ഛൻ - വയനാടിന്റെ ജൈവ മനുഷ്യൻ എന്നിങ്ങനെ
വിവിധ പേരുകളിൽ അറിയപ്പെട്ടിരുന്ന പത്മശ്രീ പുരസ്കാര ജേതാവും തനതു കാർഷിക രീതികളുടെയും പൈതൃക
നെല്ലിനങ്ങളുടെയും കാവലാളുമായ ചെറുവയൽ രാമൻ (തലക്കര ചെറിയ രാമൻ -74) ഇനി ഓർമ്മ.
രാസവളമോ കീടനാശിനിയോ ഇല്ലാതെ പൂർണമായും ജൈവരീതിയിലായിരുന്നു കൃഷി.
രാസവളം മണ്ണിൽ വരുത്തുന്ന മാറ്റം ഉടൻ തന്നെ തിരിച്ചറിഞ്ഞാണ് അദ്ദേഹം കൃഷിയിലെ ‘ജൈവ’നിർബന്ധങ്ങളിലേക്ക് ചുവടുമാറിയത്.
ഏത് ആവാസവ്യവസ്ഥയിൽ ഏതിനം നെല്ലുകളാണ് മികവു കാട്ടുകയെന്ന തികഞ്ഞ അറിവുണ്ടായിരുന്ന അദ്ദേഹം തന്നെ തേടിയെത്തുന്നവർക്കെല്ലാം കൃഷിയുടെ ‘നല്ല പാഠ’വും പകർന്നു നൽകിയ - സരസമായ ഭാഷയിൽ ലളിതമായ രീതിയിൽ കൃഷിയറിവുകൾ പകർന്നു നൽകുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്.
കൃഷി ഉദ്യോഗസ്ഥരുടെയും കാർഷിക ശാസ്ത്രജ്ഞരുടെയും വിദ്യാർഥികളുടെയും മുന്നിൽ ജൈവകൃഷിയുടെ തിരിനാളം നിറവോടെ പകർന്നാണ് അദ്ദേഹം യാത്രയാകുന്നത്.
1952 ജൂൺ 6ന് മാനന്തവാടി എടവക കമ്മനയിലെ ചെറുവയൽ കുറിച്യ തറവാട്ടിൽ കേളപ്പന്റെയും തേയിയുടെയും മകനായാണ് ജനനം.
5-ാം ക്ലാസ് വരെ മാത്രം പഠനം നടത്തിയ അദ്ദേഹം 10-ാം വയസ്സിൽ അമ്മാവന്റെ കൈപിടിച്ചാണ് പാടത്തിറങ്ങിയത്.
പിന്നീട് കൃഷി തന്നെ ജീവിതമായി. 17-ാം വയസ്സിൽ അമ്മാവൻ മരണമടഞ്ഞതോടെ ഗോത്രത്തിന്റെയും കൃഷിയുടെയും ചുമതല രാമനായി.
കൂട്ടുകുടുംബ വ്യവസ്ഥ നിലനിൽക്കുന്ന കുറിച്യത്തറവാട്ടിൽ അമ്മാവൻ ഏൽപിച്ച
നെൽവിത്തുകളും കന്നുകാലികളും ഏക്കറു കണക്കിനു ഭൂമിയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം രാമൻ ഏറ്റെടുത്തു.
1969 ൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കണ്ണൂർ ഡിഎംഒ ഓഫിസിൽ
വാർഡനായി 150 രൂപ ശമ്പളത്തിൽ ജോലി കിട്ടിയെങ്കിലും കൃഷിയോടുള്ള ഇഷ്ടം കാരണം അത് ഉപേക്ഷിച്ചു.
മൺചുമരും മുളയും കൊണ്ടുണ്ടാക്കിയ ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുളള വീട്ടിലായിരുന്നു താമസം.
സങ്കര വിത്തിനങ്ങൾ വന്നതോടെ പാരമ്പര്യ നെല്ലിനങ്ങൾ നഷ്ടമാകുന്നുവെന്ന തിരിച്ചറിവിലാണ് 1990 കളിൽ അദ്ദേഹം വയനാട്ടിലെ വിവിധ ഇടങ്ങളിൽ എത്തി വിത്ത് ശേഖരണം ജീവിതവ്രതമാക്കിയത്.
അൻപതിലേറെ നെല്ലിനങ്ങൾ സംരക്ഷിക്കുകയും നാൽപതിലേറെ ഇനം നെല്ലിനങ്ങൾ
പാരമ്പര്യമായി ലഭിച്ച അഞ്ചേക്കർ ഏക്കർ പാടത്ത് കൃഷി ചെയതതിലൂടെയും ശ്രദ്ധേയനായി.
കുന്നുംകുളമ്പൻ - പെരുവക - കുങ്കുമശാലി - കുത്തിച്ചീര - കുഞ്ഞുഞ്ഞി - ഓണമൊട്ടൻ - ഓണച്ചണ്ണ - വെള്ളിമുത്ത് - കനകം - ചെമ്പകം - ഗന്ധകശാല - തൊണ്ടി - വെളിയൻ - ചെറുവയൽ തുടങ്ങിയ അപൂർവ നെല്ലിനങ്ങളുടെ സംരക്ഷകൻ കൂടിയായിരുന്നു.
ആർക്കും വിത്ത് വിൽക്കുന്ന രീതി ചെറുവയൽ രാമനില്ലായിരുന്നു. ആർക്കും വിത്തു കൊടുക്കും. എന്നാൽ തൊട്ടടുത്ത വർഷം അത്രയും തന്നെ വിത്ത് തിരികെ തരണം എന്നായിരുന്നു നിബന്ധന.
കാർഷിക മേഖലയിലെ മികവ് പരിഗണിച്ച് 2025 ൽ സംസ്ഥാന സർക്കാർ കാർഷിക സർവകലാശാലയുടെ പ്രഫസർ ഓഫ് പ്രാക്ടിസ് പദവിയും പാരമ്പര്യ കൃഷിയെ സ്നേഹിച്ച
അപൂർവതയ്ക്ക് ചെറുവയൽ രാമനന് 2023 ൽ രാജ്യത്തെ നാലാമത്തെ ഉയർന്ന ബഹുമതിയായ പത്മശ്രീ - കേന്ദ്ര കൃഷി മന്ത്രാലയത്തിൽ നിന്ന് നാഷനൽ പ്ലാന്റ് ജീനോം സേവിയർ പുരസ്കാരം ലഭിച്ചു.
2011 ൽ ഹൈദരാബാദിൽ ജൈവവൈവിധ്യ സംരക്ഷണത്തിനായി 11 രാജ്യങ്ങൾ പങ്കെടുത്ത രാജ്യാന്തര സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചു. 2018 ൽ ബ്രസീലിൽ ട്രൈബൽ കോൺഗ്രസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
ഹൃദയധമനിയിലെ സ്റ്റെൻഡ് വാൽവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ തുടർന്ന് രണ്ടു ദിവസം മുൻപ് വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ബുധനാഴ്ച രാത്രി മാനന്തവാടിയിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം വ്യാഴാഴ്ച രാവിലെ 9 മുതൽ 11 വരെ കമ്മന നവോദയം സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും.
തുടർന്ന് കൊടുമയിൽ സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.
ഭാര്യ: ഗീത. മക്കൾ: രമണി, രമേശൻ (എടവക ഗ്രാമപ്പഞ്ചായത്തംഗം, നല്ലൂർനാട് സർവീസ് ബാങ്ക് ജീവനക്കാരൻ), രാജേഷ് (ഓട്ടോ ഡ്രൈവർ), രജിത. മരുമക്കൾ: തങ്കമണി, ഉണ്ണികൃഷ്ണൻ, രജിത, പരേതനായ രാജൻ.






