കൊച്ചി: ചേരാനെല്ലൂരില്‍ 17-കാരൻ ഓടിച്ച ബെൻസ് കാർ ഇടിച്ച് തട്ടുകട നടത്തുന്ന ജയബാലകൃഷ്ണൻ മരിച്ച സംഭവത്തില്‍, വാഹനവുമായി പുറത്തിറങ്ങിയ 17കാരന്റെ അച്ഛനായ അഡീഷണല്‍ മജിസ്ട്രേറ്റിന് വീഴ്ച പറ്റിയെന്ന് പോർട്ട്ഫോളിയോ ജഡ്ജ് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്ക് റിപ്പോർട്ട് നല്കി.
മകൻ അപകടം ഉണ്ടാക്കിയ ഉടൻ, ഔദ്യോഗിക ആവശ്യത്തിനല്ലാതെ ജില്ലാ ജഡ്ജിയുടെ അനുമതി വാങ്ങാതെ പൊലീസ് സ്റ്റേഷനില്‍ പോയത് തെറ്റാണെന്നാണ് കണ്ടെത്തല്‍.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ജഡ്ജിയെ സസ്പെൻഡ് ചെയ്യുന്ന കാര്യത്തിലും തുടർന്നുള്ള നടപടികളിലും ഇന്ന് തീരുമാനമുണ്ടായേക്കും.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ജഡ്ജിയെ ആലുവ കമ്പനിപ്പടിയിലെ ഫ്ലാറ്റിലെത്തി പൊലീസ് ചോദ്യം ചെയ്തു. തന്റെ അറിവോടെയല്ല മകൻ വാഹനമോടിച്ചതെന്നാണ് ജഡ്ജി മൊഴി നല്‍കിയത്.
ഇതിനിടെ, മുൻപ് വാഹനമോടിച്ചതിന്റെ തെളിവുകള്‍ നശിപ്പിക്കുന്നതിനായി 17-കാരൻ സ്വന്തം ഇൻസ്റ്റാഗ്രാം പേജ് ഡിലീറ്റ് ചെയ്തതായും വിവരമുണ്ട്.
പ്രതിയായ 17-കാരന് 25 വയസ്സ് വരെ ലൈസൻസ് എടുക്കുന്നത് വിലക്കാൻ മോട്ടോർ വെഹിക്കിള്‍ ആക്ട് പ്രകാരം എംവിഡി നടപടി സ്വീകരിക്കും. അപകടമുണ്ടാക്കിയ ബെൻസ് കാറിന്റെ ആർസി സസ്പെൻഡ് ചെയ്യും.






