പാലക്കാട്: കേരളത്തെ ഞെട്ടിച്ച നെൻമാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. പാലക്കാട് അഡീഷണല്‍ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
2025 ജനുവരി 27-നാണ് നെൻമാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സംഭവം നടന്നിട്ട് ഒന്നര വർഷത്തോടടുക്കുമ്പോഴാണ് കേസില്‍ അന്തിമ വിധി വരുന്നത്. പ്രതി ചെന്താമര സ്ഥിരം കുറ്റവാളിയാണെന്നും സമൂഹത്തിന് തന്നെ ഭീഷണിയാണെന്നും പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചു.
പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. "താൻ ഗാന്ധിജിയല്ല" എന്ന പ്രതിയുടെ മനോഭാവം ഇയാള്‍ കുറ്റകൃത്യങ്ങള്‍ ഇനിയും തുടരുമെന്നതിന്റെ തെളിവാണെന്നും വാദിച്ചു.
എന്നാല്‍, സാഹചര്യത്തെളിവുകള്‍ മാത്രമാണ് ഉള്ളതെന്നും നേരിട്ടുള്ള തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടി, പ്രതിക്ക് മാനസാന്തരപ്പെടാൻ അവസരം നല്‍കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്.ആറ് വർഷം മുൻപ് സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ആ കേസില്‍ ഇരട്ട ജീവപര്യന്തം കിട്ടി ജാമ്യത്തിലിറങ്ങിയ ശേഷമാണ് സുധാകരനെയും ലക്ഷ്മിയെയും അതിക്രൂരമായി കൊലപ്പെടുത്തിയത്. "നീളൻ മുടിയുള്ള ഒരു സ്ത്രീയാണ് ഭാര്യയും മകളും പോകാൻ കാരണം" എന്ന് ജ്യോത്സ്യൻ പറഞ്ഞതിന്റെ വിരോധമാണ് സജിതയുടെയും കുടുംബത്തിന്റെയും നേരെ ഈ അതിക്രമം ഉണ്ടായതെന്ന്
അന്വേഷണത്തില്‍ വ്യക്തമായിരുന്നു.കേസില്‍ 132 സാക്ഷികളും 30 ശാസ്ത്രീയ തെളിവുകളുമുണ്ട്. നാലുമാസത്തിലേറെ നീണ്ട സാക്ഷി വിസ്താരത്തില്‍ ആകെ 81 സാക്ഷികളെ വിസ്തരിച്ചു. കൊലപാതക സമയം ചെന്താമരയെ കണ്ടവർ, ഭീഷണി കേട്ടവർ, വടിവാള്‍ വിറ്റ കടക്കാരൻ, ഭാര്യ വിലാസിനി, അയല്‍വാസി പുഷ്പ എന്നിവരെല്ലാം പ്രതിക്കെതിരെ മൊഴി നല്കി. എന്നാല്‍ എല്ലാം ചെന്താമര നിഷേധിച്ചു. മൊഴി നല്‍കുന്നവരെ ഇല്ലാതാക്കുമെന്ന് ഇയാള്‍ മുൻപ് ഭീഷണിപ്പെടുത്തിയതായും കോടതിയില്‍ പറഞ്ഞു.






