തിരുവനന്തപുരം: കേരളത്തിൽ വിവിധ ജയിലുകളിലായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നത് 37 തടവുകാർ ആണ്. അതിൽ പൂജപ്പുര സെൻട്രല്‍ ജയിലില്‍ തന്നെ 24 പേരുണ്ട്. വിയ്യൂർ ജയിലില്‍ 4 പേരും, കണ്ണൂരില്‍ മൂന്നും, തവനൂർ ജയിലില്‍ ഒരാളും വിയ്യൂർ സുരക്ഷ ജയിലില്‍ 2 പേരും തിരുവനന്തപുരം വനിത ജയിലില്‍ 3 പേരുമാണ് വധശിക്ഷ കാത്തുകഴിയുന്നത്. നെന്മാറ ഇരട്ടക്കൊലക്കേസിലെ വിധിയോടെ പ്രതികളുടെ എണ്ണം 38 ആയി.
ചെന്താമരയ്ക്ക് വധശിക്ഷയും 20 ലക്ഷം രൂപ പിഴയും വിധിച്ച കോടതി, ഈ തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നൽകണമെന്നും പിഴ അടയ്ക്കാനാകാത്ത പക്ഷം സർക്കാർ സഹായം ഉറപ്പാക്കണമെന്നും നിർദേശിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷം അധിക തടവും അനുഭവിക്കണം.
കേസ് "അപൂർവങ്ങളിൽ അപൂർവം" വിഭാഗത്തിൽപ്പെടുന്നതാണെന്ന് വിലയിരുത്തിയ കോടതി, ചെന്താമരയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും സൈക്കോളജി, സൈക്യാട്രി റിപ്പോർട്ടുകൾ ഇത് സ്ഥിരീകരിക്കുന്നുവെന്നും വ്യക്തമാക്കി. ഇരകളുടെ ഭാഗത്ത് നിന്ന് പ്രകോപനമൊന്നും ഉണ്ടായിരുന്നില്ലെന്നും പ്രതിക്ക് യഥാർത്ഥ കുറ്റബോധമോ മാനസാന്തരമോ ഇല്ലെന്നും കോടതി നിരീക്ഷിച്ചു.
ജാമ്യ വ്യവസ്ഥ ലംഘിച്ചാണ് കൊലപാതകം നടത്തിയതെന്നും വീണ്ടും കുറ്റകൃത്യം ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന ജില്ലാ പ്രോബേഷൻ ഓഫീസറുടെ റിപ്പോർട്ടും കോടതി പരിഗണിച്ചു. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും പ്രതിഭാഗത്തിന്റെ വാദങ്ങൾ തള്ളിക്കൊണ്ടാണ് കോടതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചത്.






