തിരുവനന്തപുരം: വർക്കലയിൽ വിവാഹാലോചന നിരസിച്ചതിന്റെ പേരിൽ അച്ഛനെയും മകനെയും വിളിച്ചുവരുത്തി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ നാലു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. തെന്മല, ആര്യങ്കാവ് മേഖലകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം.
വർക്കല വടശേരിക്കോണം ആര്യഭവനിൽ അനിൽ കുമാർ (51), മകൻ അച്ചു (20) എന്നിവരാണ് ആക്രമണത്തിനിരയായത്. മുഖ്യപ്രതിയായ വെള്ളല്ലൂർ പുളിയറക്കോണം സ്വദേശി സുധീഷും സുഹൃത്തുക്കളും ചേർന്ന് ഇരുവരെയും വെള്ളല്ലൂർ വട്ടവിളയിലെ പണി പൂർത്തിയാകാത്ത വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.
അനിൽ കുമാറിന്റെ മകളെ സുധീഷിന് വിവാഹം ചെയ്ത് നൽകാൻ വിസമ്മതിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. അനിൽ കുമാറിന്റെ ഭാര്യയെയും സംഭവസ്ഥലത്തേക്ക് എത്തിച്ച് കുടുക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും പദ്ധതി പാളുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അനിൽ കുമാറിനെ രക്ഷപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം വർക്കലയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികളുമായി അടുത്ത ബന്ധമുള്ളവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇവരുടെ ഫോൺ കോളുകൾ ഉൾപ്പെടെയുള്ള വിവരങ്ങളും നിരീക്ഷിച്ചുവരികയാണ്. നാലു പ്രതികളും ബൈക്ക് ഉപേക്ഷിച്ച് ബസിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
നിലവിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്. സുധീഷ്, ആരോമൽ, ലാൽകൃഷ്ണ, അരുൺ എന്നീ പ്രതികളെ കണ്ടെത്തുന്നതിനായി ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. നാലുപേരുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയ നോട്ടീസ് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും അതിർത്തി മേഖലകളിലും പ്രചരിപ്പിച്ചിട്ടുണ്ട്. പ്രതികളുടെ തമിഴ്നാട് ബന്ധങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്.






