ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ കനത്ത മഴയിൽ മണ്ണിടിച്ചിൽ മുന്നറിയിപ്പ് നൽകി ഭരണകൂടം. ഈ സാഹചര്യത്തിൽ ചാർധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവെച്ചു. സംസ്ഥാനത്ത് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്തെ പല ജില്ലകളിലും കനത്തതോ അതിശക്തമായതോ ആയ മഴയ്ക്കും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കനത്ത മഴയിൽ സംസ്ഥാനത്തുടനീളം റോഡുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ, ചാർധാം യാത്രാ പാതയിലെ പലയിടങ്ങളിലും ഉരുൾപൊട്ടൽ കാരണം ഗതാഗതം തടസപ്പെട്ടു. ഈ സാഹചര്യത്തിൽ, ഗർവാൾ കമ്മീഷണർ ആനന്ദ് സ്വരൂപ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചാർധാം യാത്ര നിർത്തിവയ്ക്കാൻ ഉത്തരവിട്ടു. കാലാവസ്ഥ മെച്ചപ്പെട്ട ശേഷം തീർത്ഥാടനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
ജാഗ്രത പാലിക്കാനും അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കാനും ഉത്തരാഖണ്ഡ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എല്ലാ ജില്ലാ ഭരണകൂടങ്ങൾക്കും നിർദേശം നൽകി. ഇന്ന് ഉത്തർകാശി, ഡെറാഡൂൺ, തെഹ്രി, രുദ്രപ്രയാഗ്, ചമോലി, ബാഗേശ്വർ, നൈനിറ്റാൾ എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.






