കോയമ്പത്തൂർ: തമിഴ്നാട്ടിലെ കോഴിവ്യാപാരികള്‍ നാളെമുതല്‍ സമരത്തില്‍. ജൂലായ് 31 മുതല്‍ ബ്രോയിലർ കോഴികളുടെ വില്‍പ്പന അനിശ്ചിതകാലത്തേക്ക് നിറുത്തിവയ്ക്കാൻ തമിഴ്നാട് പൗള്‍ട്രി ട്രേഡേഴ്സ് ഫെഡറേഷൻ തിങ്കളാഴ്ച ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനിച്ചത്.
കോഴിവളർത്തല്‍ കേന്ദ്രങ്ങളിലെ അശാസ്ത്രീയ തീറ്റക്രമത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്നാണ് സംഘടന അറിയിച്ചിരുന്നത്.
വില്പ്പനയ്ക്കുമുമ്പുവരെ തീറ്റനല്കി കോഴികളുടെ ഭാരം കൃത്രിമമായി കൂട്ടുന്ന രീതിയാണ് വ്യാപാരികള്‍ എതിർക്കുന്നത്. ഇത് ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും കനത്ത
സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു എന്നാണ് വ്യാപാരികളുടെ ആക്ഷേപം. വില്‍ക്കുന്നതിന് തൊട്ടുമുമ്പുവരെ തീറ്റയും വെള്ളവും നല്കുന്നതിനാല് ഒരു കോഴിയില്‍ ഇരുനൂറുഗ്രാമില് അധികം തീറ്റയും വെള്ളവും ഉണ്ടാവുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. തൂക്കത്തിലുണ്ടാകുന്ന നഷ്ടത്തിനുപുറമേ കോഴിയെ വെട്ടിവൃത്തിയാക്കുമ്പോള്‍ ഈ മാലിന്യങ്ങള്‍ കലർന്ന് ഇറച്ചി മലിനമാകാനും സാദ്ധ്യത ഏറെയാണ്.
വില്‍പ്പനയ്ക്കായി അയയ്ക്കുന്നതിന് 15മണിക്കൂറെങ്കിലും മുമ്പേ തീറ്റനല്‍കുന്നത് നിറുത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം. വിഷയത്തില്‍ തമിഴ്നാട് സർക്കാരും മൃഗസംരക്ഷണ വകുപ്പും ഇടപെട്ട് ഏകീകൃത മാനദണ്ഡങ്ങള്‍ നടപ്പിലാക്കണമന്നും അവർ ആവശ്യപ്പെടുന്നു.
സമരം കേരളത്തെയും പുതുച്ചേരിയെയും ബാധിക്കുമെന്നാണ് കരുതുന്നത്. കേരളത്തിലേക്ക് ഇറച്ചിക്കോഴികള്‍ കൂടുതലായി എത്തുന്നത് തമിഴ്നാട്ടില്‍ നിന്നാണ്. ഇപ്പോള്‍തന്നെ ചിക്കൻ വില ഉയർന്നുനില്‍ക്കുകയാണ്. ഇതിനൊപ്പം സമരംകൂടിയാകുമ്പോള് വില കുതിച്ചുയരാൻ ഇടയുണ്ട്. സമരം അവസാനിപ്പിക്കാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവും എന്ന പ്രത്യാശയിലാണ് വ്യാപാരികള്‍.






