തൃശൂർ: മണലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട കാർ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കരയിലെത്തിച്ചു. ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് കാർ ഒഴുക്കില്‍പ്പെട്ടത്.
കാറിലുണ്ടായിരുന്ന ചാവക്കാട് സ്വദേശി സിനാൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ദേശീയ പാതയിലേക്ക് കയറുന്ന ചെറിയ പാതയിലൂടെ വരുമ്പോഴാണ് 17 ലക്ഷത്തോളം വിലവരുന്ന ഇലക്ട്രിക് കാറാണ് ഒഴുക്കില്‍പ്പെട്ടത്.
നിരവധി തവണ ഫയർഫോഴ്സ് സംഘം കാർ കരയ്ക്കുകയറ്റുന്നതിനായി ശ്രമിച്ചെങ്കിലും പുഴയിലെ ശക്തമായ ഒഴുക്ക് വെല്ലുവിളിയാകുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ വീണ്ടും ഇന്ന് രാവിലെ കാറിനായി തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. കയറുകെട്ടി ക്രെയിനുപയോഗിച്ച് വലിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും ഒന്നിലധികം തവണ കെട്ടുപൊട്ടി കാർ വീണ്ടും ഒഴുക്കില്‍പ്പെട്ടു.
ഇതോടെ ഫയർഫോഴ്സും നാട്ടുകാരും നേരിട്ട് പുഴയിലേക്കിറങ്ങി കാർ തള്ളിക്കയറ്റുകയായിരുന്നു. ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന് പരിശ്രമത്തിനൊടുവിലാണ് കാർ കരയിലെത്തിച്ചത്.






