ഡൽഹി: സെൻസസ് പോർട്ടലിലെ പുതിയ മാറ്റങ്ങള്‍ വിവാദമാകുന്നു.
പൗരന്മാർക്ക് സ്വയം വിവരങ്ങള്‍ ചേർക്കാനുള്ള മതങ്ങളുടെ വിവരങ്ങളില്‍ ഈയിടെ വരുത്തിയ മാറ്റങ്ങള്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് വിമർശിച്ചു. കേന്ദ്ര സർക്കാർ ഇതിനോട് പ്രതികരിച്ചിട്ടില്ല.
2027ലെ സെൻസില്‍ പൗരന്മാർക്ക് സ്വയം സാക്ഷ്യപ്പെടുത്താനുള്ള പോർട്ടലില്‍ പെട്ടെന്ന് വന്ന മാറ്റങ്ങളിലാണ് വിവാദം. നേരത്തേ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം, ജൈന, ബുദ്ധ, സിഖ് വിഭാഗങ്ങള്‍ക്കൊപ്പം മറ്റുള്ളവർ എന്ന വിഭാഗവും ഉള്‍പ്പെടുത്തിയിരുന്നു.
മറ്റുള്ളവരെന്ന വിഭാഗത്തില്‍ 287 ഉപ വിഭാഗങ്ങളുടെ പേരുകളും നല്‍കിയിരുന്നു. എന്നാല്‍ ഇതേപ്പറ്റി ചില ചോദ്യങ്ങള്‍ ഉയർന്ന സാഹചര്യത്തില്‍ പോർട്ടലില്‍ നിന്ന് ഈ ഭാഗം ഒഴിവാക്കി.
ഇതോടെയാണ് രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തിയത്. ഒഴിവാക്കിയ പട്ടികയില്‍ സൂഫി, സുന്നി, ഷിയ, പെന്തകോസ്ത് വിഭാഗങ്ങളും ഇസ്കോണ്‍, രാമകൃഷ്ണ പരമഹംസ, രാംദേവ് തുടങ്ങിയവയും ഉള്‍പ്പെട്ടിരുന്നു. ഇവ ഒഴിവാക്കിയത് യാതൊരു വിശദീകരണവും നല്കാതെയാണെന്നും ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന നടപടിയാണെന്നുമാണ് ജയറാം രമേശിന്റെ വിമർശനം.
ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള ഇടപെടലാണ് ഈ നീക്കം ചെയ്യലിന് കാരണമെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍ ഈ ഉപവിഭാഗ പട്ടിക പോർട്ടലില്‍ എങ്ങനെയാണ് ഉള്‍പ്പെടുത്തിയതെന്ന് അന്വേഷിക്കുമെന്നാണ് സെൻസസ് കമ്മീഷണറുടെ വിശദീകരണം.
മറ്റുള്ളവർ എന്ന വിഭാഗം ഇപ്പോഴും പോർട്ടലില്‍ ലഭ്യമാണെന്നും പൗരന്മാർക്ക് അവിടെ ഉപവിഭാഗം ടൈപ്പ് ചെയ്ത് ചേർക്കാമെന്നും സെൻസസ് കമ്മീഷണർ അറിയിച്ചിട്ടുണ്ട്.






