ന്യൂഡൽഹി : കനത്ത മഴയിൽ ഡൽഹിയിൽ കനത്ത നാശനഷ്ടങ്ങൾ. ദിവസങ്ങൾ നീണ്ട കനത്ത ചൂടിൽ ആശ്വാസമായി എത്തിയ മഴ പിന്നെയങ്ങോട്ടു ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും കനത്ത നാശം വിതയ്ക്കുകയായിരുന്നു. ഇന്നലെ പെയ്ത കനത്ത മഴയിൽ ഡൽഹിയുടെ പല ഭാഗങ്ങളും വെള്ളക്കെട്ടിലായി.
സഫ്ദർജങ് സ്റ്റേഷനിൽ 24 മണിക്കൂറിനിടെ 72.6 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 16 വർഷത്തിനിടയിലെ ഏറ്റവും വലിയ രണ്ടാമത്തെ ജൂലൈ മഴയാണിത്. അതോടെ നഗരത്തിലെ പകൽ താപനിലയിൽ 6 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ കുറവ് രേഖപ്പെടുത്തി.
സാധാരണ ജൂലൈയിൽ ലഭിക്കുന്ന മഴയുടെ 70 ശതമാനവും വെറും 24 മണിക്കൂറിലാണ് പെയ്തത്. ആദ്യ 6 ദിവസങ്ങളിൽ വെറും 5.4 മില്ലിമീറ്റർ മഴ മാത്രം ലഭിച്ച സ്ഥാനത്ത്, ഇന്നലെ ഒറ്റയടിക്കു കനത്ത മഴ പെയ്യുകയായിരുന്നു.
ഇത്രയും വലിയ അളവിലെത്തുന്ന വെള്ളം ഒഴുകിപ്പോകാൻ സംസ്ഥാനത്തെ അഴുക്കുചാലുകൾക്കു ശേഷിയില്ലാത്തതാണു നഗരത്തിൽ മിന്നൽപ്രളയമുണ്ടാകാൻ കാരണമായതെന്നു വിദഗ്ധർ പറയുന്നു. തുടർച്ചയായ മഴയിൽ ഡൽഹി-എൻസിആറിലെ പ്രധാന റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ഓഫിസുകളിലേക്കു പോകുന്നവരും മറ്റു യാത്രക്കാരും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങി.






