തിരുവനന്തപുരം: 2027 സെൻസസില്‍ ശേഖരിക്കുന്ന പൊതുവായ ജാതി വിവരങ്ങള്‍ അട്ടിമറിക്കപ്പെടാൻ സാധ്യത.
ജാതി രേഖപ്പെടുത്താനുള്ള കോളത്തില്‍ വിവരം എന്യൂമറേറ്റർ എഴുതിച്ചേർക്കണം.
ഇതിന് വേണ്ടിയിരുന്ന ഡ്രോപ് ഡൗണ്‍ സംവിധാനം ഒഴിവാക്കിയതാണ് സെൻസസിലെ ജാതി വിവര ശേഖരണത്തെ സംശയാസ്പദമാക്കുകയാണ്.
2011ല്‍ രാജ്യത്ത് നടത്തിയ സാമൂഹിക സാമ്പത്തിക സർവേയില്‍ ശേഖരിച്ച ജാതി വിവരങ്ങള്‍ ഉപയോഗശൂന്യമായത് വൻ വിവാദത്തിന് വഴിവച്ചിരുന്നു. ജാതി രേഖപ്പെടുത്താൻ ഡ്രോപ് ഡൗണ്‍ സംവിധാനത്തിന് പകരം മാന്വല്‍ രീതി അവലംബിച്ചതാണ് ഈ പിഴവിന് കാരണമായത്.
അക്ഷരത്തെറ്റുകളും മറ്റും കാരണം അയ്യായിരത്തോളം ജാതികള്‍ക്ക് പകരം 46.7 ലക്ഷം വ്യത്യസ്ത ജാതിപ്പേരുകള്‍ രേഖപ്പെടുത്തപ്പെട്ടു. ഇതോടെയാണ് ഈ ഡാറ്റ ഉപേക്ഷിക്കേണ്ടിവന്നത്. അതേ സ്ഥിതി വിശേഷം ആവർത്തിക്കുന്ന തരത്തിലാണ് പുതിയ സെൻസസിന്റെ വിവര ശേഖരണ രീതിയും രൂപകല്പന ചെയ്തിരിക്കുന്നത്.
എസ്സി, എസ്ടി വിഭാഗത്തില്‍ ഡ്രോപ് ഡൗണ്‍ വഴി ജാതി തെരഞ്ഞെടുക്കാൻ സംവിധാനമുണ്ട്. എന്നാല്‍ മറ്റ് ജാതികളുടെ പേരുകള്‍ എന്യൂമറ്റേർമാർ ടൈപ്പ് ചെയ്ത് കയറ്റണം. രണ്ട് വർഷത്തെ അധ്വാനത്തിന് ശേഷം ശേഖരിച്ച വിവരങ്ങളാണ് 2011ല്‍ ഉപേക്ഷിക്കേണ്ടി വന്നത്.
ഒരിക്കല്‍ സംഭവിച്ച പിഴവ് വീണ്ടും ആവർത്തിക്കുന്നത് ജാതി വിവരങ്ങളുടെ കൃത്യമായ കണക്ക് ഇല്ലാതാക്കും. ഈ ആശങ്ക നേരത്തെ പങ്കുവച്ച സാമൂഹിക നീതി മന്ത്രാലയം ഡ്രോപ് ഡൗണ്‍ സംവിധാനത്തിന് ആവശ്യമായ വിവരങ്ങള്‍ നല്‍കാമെന്ന് അറിയിച്ചിരുന്നതായാണ് വിവരം. എന്നാല്‍ സെൻസസ് കമ്മീഷണറേറ്റ് ഈ നിർദേശം പരിഗണിച്ചില്ല.






