ന്യൂഡല്‍ഹി : ജാതി സെന്‍സസിനായി നിലവിലുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംയുക്തമായി കത്ത് നല്കി. ജാതി സെന്‍സസ് ചോദ്യാവലി റദ്ദാക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടികളുമായും വിദഗ്ധരുമായും കൂടിയാലോചിച്ച് പുതിയ ഫോര്‍മാറ്റ് തയ്യാറാക്കണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
സെന്‍സസില്‍ ജാതി വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായി ഓപ്പണ്‍-എന്‍ഡഡ് ഫോര്‍മാറ്റാണ് സര്‍ക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. വ്യക്തികള്‍ നല്കുന്ന ജാതിപ്പേര് അതേപടി രേഖപ്പെടുത്തുന്നതാണ് ഈ രീതി. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ഒരേ ജാതി തന്നെ വ്യത്യസ്ത പേരുകളിലും ഉപജാതികളിലും പ്രാദേശിക വകഭേദങ്ങളിലും അറിയപ്പെടുന്നുണ്ട്. എല്ലാവരും വ്യത്യസ്ത പേരുകള്‍ നല്കുമ്പോള് ഒരേ ജാതി ആയിരക്കണക്കിന് വ്യത്യസ്ത പേരുകളായി ഭിന്നിക്കപ്പെടും. ലക്ഷക്കണക്കിനു ജാതിപേരുകള്‍ അടങ്ങിയ ഒരു ലിസ്റ്റ് മാത്രമാകും ഒടുവില്‍ ലഭിക്കുക. ഇത് സെന്‍സസ് ഡാറ്റയെ പൂര്‍ണമായും ബാധിക്കുമെന്നും തെറ്റിദ്ധാരണയ്ക്ക് കാരണമാവുമെന്നും കത്തില്‍ പറയുന്നു.
വിവിധ ജാതികളുടെ എണ്ണവും സാമൂഹിക-സാമ്പത്തിക സ്ഥിതിയും വിലയിരുത്താന്‍ കൃത്യമായ വിവരശേഖരണം ആവശ്യമാണെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. നിലവിലെ രീതിയിലുള്ള ജാതി സെന്‍സസ് വെറുമൊരു കണ്ണില്‍ പൊടിയിടല്‍ മാത്രമാണെന്നും ഇത് അംഗീകരിക്കില്ലെന്നും നേതാക്കള്‍ വിമര്‍ശിച്ചു. ഈ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസ് നേതൃത്വം അയക്കുന്ന മൂന്നാമത്തെ കത്താണിതെന്നും മുന്‍പ് അയച്ച രണ്ട് കത്തുകള്‍ക്കും പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നും മറുപടി ലഭിച്ചിട്ടില്ലെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.






