ബീജിങ് : ചൈനയിലെ തുറമുഖത്ത് അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന ചരക്കുകപ്പലിന് തീപിടിച്ച് 25 പേര് മരിച്ചതായി റിപ്പോര്‍ട്ട്. ചൈനീസ് ഔദ്യോഗിക ടെലിവിഷന്‍ ചാനലായ സിസിടിവിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കിഴക്കന്‍ ചൈനയിലെ ക്വിങ്ദാവോ നഗരത്തിലെ കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന വിദേശ ചരക്കുകപ്പലിലാണ് വ്യാഴാഴ്ച അപകടമുണ്ടായത്.
രാവിലെ 11 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഉച്ചയ്ക്ക് 2.30ഓടെ തീ നിയന്ത്രണവിധേയമാക്കി. കപ്പലില്‍ ആകെ 42 പേര് ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 12 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. അഞ്ച് പേര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.
കപ്പലില്‍ നിന്ന് കനത്ത പുക ഉയരുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. സ്ഫോടന ശബ്ദമോ അസാധാരണമായ ഗന്ധമോ അനുഭവപ്പെട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനീസ് ന്യൂസ് ഏജന്‍സിയായ സിന്‍ഹുവ പുറത്തുവിട്ടതായി പറയുന്ന ചിത്രത്തില്‍ കപ്പലിന്റെ പേര് ഓഷ്യന്‍ മെലഡി എന്നാണ് നല്‍കിയിരിക്കുന്നത്.
ലൈബീരിയന്‍ പതാകയുള്ള ഏകദേശം 20 വര്‍ഷം പഴക്കമുള്ള ഡ്രൈ ബള്‍ക്ക് കാരിയറാണിത്. ഓഗസ്റ്റ് 31ന് ക്വിങ്ദാവോ കപ്പല്‍ശാലയില്‍ എത്തിയ കപ്പല്‍ പിന്നീട് അവിടെ തന്നെ തുടരുകയായിരുന്നു. ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ചൈന സ്റ്റേറ്റ് ഷിപ്ബില്‍ഡിങ് കോര്പറേഷന് ആണ് കപ്പല്‍ശാല നിയന്ത്രിക്കുന്നത്.






