കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ കാറിന്റെ ഡോറിൽ ഇരുന്ന് യുവാക്കളുടെ അഭ്യാസപ്രകടനം. ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം ചുരം ഇറങ്ങി വന്ന കാറിലാണ് ഇരുവശത്തെയും ഡോറിന്റെ വിൻഡോ വിടവിലൂടെ മൂന്നു യുവാക്കൾ പുറത്തേക്ക് ശരീരം ഇറക്കി നിന്ന് അപകടകരമായ രീതിയിൽ യാത്ര ചെയ്തത്.
പിന്നിൽ പോയ ലോറിയിൽ നിന്നാണ് യുവാക്കളുടെ അഭ്യാസ പ്രകടനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. ചുരം കയറുന്ന വാഹനങ്ങൾ എതിർവശത്ത് നിരയായി പോകുന്നതിടെയാണ് അപകടകരമായ രീതിയിൽ യുവാക്കൾ യാത്ര ചെയ്തത്. മലപ്പുറം തിരൂരങ്ങാടി റജിസ്ട്രേഷനിലുളള കാറിലാണ് യുവാക്കൾ സഞ്ചരിച്ചത്.
പുറത്തു വന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ആർടിഒ ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ടാഴ്ച മുൻപ് പേരാമ്പ്ര ചാനിയം കടവ് റോഡിൽ വിവാഹ ആഘോഷത്തിനിടെ അപകടകരമായ രീതിയിൽ വാഹനമോടിച്ചിരുന്നു. അനധികൃതമായ മോഡിഫിക്കേഷൻ, അപകടകരമായ ഡ്രൈവിങ് എന്നിവയ്ക്കാണ് അന്ന് കേസ് റജിസ്റ്റർ ചെയ്തത്.






